ആലപ്പുഴ അരൂർ -തുറവൂർ ഉയരപ്പാത മേഖലയിൽ യാത്രക്കാരെ വലച്ച് ഇന്നും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുന്നുക്ക്. ഏകദേശം ആറു മണിക്കൂറോളം അരൂരിലേക്കും തുറവൂരിലേക്കുമുള്ള സർവീസ് റോഡുകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങി. നേരത്തെ രാവിലെയും വൈകുന്നേരവുമായിരുന്നു ഗതാഗത തടസം രൂക്ഷമായിരുന്നത്.
എന്നാൽ ഓണക്കാലമായതോടെ അടുത്ത ദിവസങ്ങളിൽ ദിവസം മുഴുവനും രാത്രിയോളം നീളുന്ന ഗതാഗതക്കുരുക്കാണ് ഉയരപ്പാത മേഖലയിൽ അനുഭവപ്പെടുന്നത്. വാഹനങ്ങളുടെ നിര അരൂർ പാലവും കഴിഞ്ഞ് കുമ്പളം വരെ നീണ്ടു. അരൂർ മുതൽ ചന്തിരൂർ വരെയാണ് കുരുക്ക് ഏറ്റവും രൂക്ഷം.
റോഡ് പലയിടങ്ങളിലും തകർന്നു കിടക്കുന്നതും കുഴികൾ നിറഞ്ഞതും ഗതാഗതക്കുരുക്കിന് കാരണമാണ്. തുറവൂരിൽ നിന്ന് പൂച്ചാക്കൽ വഴി അരൂരിലേക്കുള്ള സമാന്തര റോഡ് വാഹനത്തിരക്കിൽ വീർപ്പുമുട്ടുകയാണ്.