പരീക്ഷക്കിടെ കോപ്പിയടി പിടിച്ചതിന് വിദ്യാർഥികൾ പീഡനപരാതി നൽകിയ അധ്യാപകനെ കോടതി വിട്ടയച്ചു. മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്. എസ്.എഫ്.ഐക്കാരായ വിദ്യാർഥിനികൾ ആനന്ദിനെ കുടുക്കാൻ ഗൂഢാലോചന നടത്തിയതായി സർവകലാശാല അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. 

ഒരു പതിറ്റാണ്ടിലേറെ ചെയ്യാത്ത തെറ്റിന് ഉമിത്തി പോലെ വെന്തു നീറിയ വേദന. ഒടുക്കം കോടതി വെറുതെ വിട്ടതിന്റെ ആശ്വാസം. ആ പൊള്ളുന്ന അനുഭവത്തിന്റെ കെട്ടഴിക്കുകയാണ് മൂന്നാർ ഗവൺമെന്റ് കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ആനന്ദ് വിശ്വനാഥൻ. 2014 ഓഗസ്റ്റിൽ നടത്തിയ എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാർഥിനികളെ ആനന്ദ് കയ്യോടെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പീഡന പരാതി നൽകിയത്.

എസ്.എഫ്.ഐ അനുഭാവികളായ വിദ്യാർഥിനികൾ പരാതി തയാറാക്കിയത് മൂന്നാർ സിപിഎം പാർട്ടി ഓഫിസിൽ വച്ചാണെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. ഇക്കാര്യം വിദ്യാർഥിനികൾ തന്നെ സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്. തന്നെ കുടുക്കാൻ വിദ്യാർഥികൾക്കൊപ്പം കോളജ് അധികൃതരും കൂട്ടുനിന്നതായാണ് ആനന്ദിന്റെ ആരോപണം. 

ENGLISH SUMMARY:

Professor Anand Viswanathan was acquitted in the sexual harassment case. He faced allegations after catching students cheating, but a university commission found evidence of a student conspiracy.