കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമം കാരണം ഹൃദയശസ്ത്രക്രിയ നീട്ടിവെക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളാണ് നീട്ടുവെക്കുന്നത്. 34.90 കോടി രൂപ കുടിശികയായതോടെ വിതരണക്കാര്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
മെഡിക്കല്‍ കോളജിലെ രണ്ട് കാത്ത് ലാബുകളിലായി ഒരുദിവസം 30 ഓളം ശസ്ത്രക്രിയ നടക്കുന്നയിടത് നിലവില്‍ ചെയ്യുന്നത് അഞ്ചോ ആറോ എണ്ണം മാത്രം. ബലൂണ്‍, ഗൈഡ് വയറുകളുടെ ക്ഷാമം കാരണം രോഗികള്‍ക്ക് ശസ്ത്രക്രിയാ തിയതി നീട്ടിനല്‍കുകയാണ് ഡോക്ടര്‍മാര്‍. താത്കാലിക പരിഹാരത്തിനായി മറ്റാശുപത്രികളില്‍ നിന്നെത്തിച്ച ഉപകരണങ്ങളുടെ സ്റ്റോക്കും ഒരാഴ്ച കൊണ്ട് തീരും.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ബീച്ചാശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് കാത്ത് ലാബിലേക്ക് ഉപകരണങ്ങള്‍ എത്തിച്ചത്. വിതരണക്കാര്‍ക്ക് ബീച്ചാശുപത്രിയില്‍ നിന്നും ലഭിക്കാനുണ്ട് കോടി കണക്കിന് രൂപ. കുടിശിക ലഭിക്കാതെ മെഡിക്കല്‍ കോളജില്‍ വിതരണം പുനരാരംഭിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിതരണക്കാര്‍. മെഡിക്കല്‍ കോളജിലേക്ക് സ്റ്റോക്ക് മാറ്റിയതിനാല്‍ ബീച്ചാശുപത്രിയിലെ ശസ്ത്രക്രിയ പ്രതിസന്ധിയിലാവുമോയെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.