Image Credit: Google maps
മലബാറിന്റ വ്യവസായിക വികസനത്തിന് കുതിപ്പേകുന്ന വയനാട് തുരങ്കപാതയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. പാത തുടങ്ങുന്ന കോഴിക്കോട്ടെ ആനക്കാംപൊയിലെ സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് നാല് മണിക്കാണ് ചടങ്ങ്. ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് ഉള്‍പ്പടെ 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി തുരങ്കപാതയാണ് നിര്‍മിക്കുന്നത്. താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലെത്താനുള്ള എളുപ്പവഴിക്ക് 2134 കോടിയാണ് നിര്‍മാണ ചെലവ്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെഎന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുരങ്കപ്പാത വരുന്നതോടെ വയനാട്ടിലേക്കുള്ള ദൂരവും സമയവും കുറയും. മേപ്പാടിയിലേക്ക് 8.2 കിലോമീറ്ററിന്റേയും സുല്‍ത്താന്‍ ബത്തേരിയിലേക്ക് ഒരു കിലോമീറ്ററിന്റേയും കുറവാണുണ്ടാകുന്നത്. അതേസമയം ജില്ലാ ആസ്ഥാനമായ കല്‍പറ്റയിലേക്ക് 7 കിലോമീറ്ററും മാനന്തവാടിയിലേക്ക് 12 കിലോമീറ്ററും അധികം സഞ്ചരിക്കേണ്ടി വരും. പക്ഷെ ഹെയര്‍പിന്‍ വളവുകളൊന്നുമില്ലാത്തതുകൊണ്ട് ഇപ്പോഴെടുക്കുന്നതിനേക്കാള്‍ പകുതി സമയമേ വേണ്ടിവരൂ ലക്ഷ്യസ്ഥാനത്തെത്താന്‍.
മലബാറിന്‍റെ ടൂറിസം വികസനത്തിനും വലിയ പ്രതീക്ഷയാണ് ആനക്കാംപൊയില്‍ - മേപ്പാടി തുരങ്കപാത നല്‍കുന്നത് . താമരശേരി ചുരം ഒഴിവാക്കാമെന്നതാണ് ഏറ്റവും വലിയ മെച്ചം. ചുരത്തില്‍ കുടുങ്ങുന്നതും ഗതാഗതക്കുരുക്കും ഒഴിവാക്കാം. ഉരുള്‍പൊട്ടല്‍ കൂടി ഉണ്ടായതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ വരവ് പിന്നെയും കുറഞ്ഞു. എന്നാല്‍ തുരങ്കപാത വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുമെന്നാണ് കരുതുന്നത്. അതുവഴി കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും.
ഊട്ടി, മൈസുരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാകും ആനക്കാംപോയിലേത്. അതുകൊണ്ടുതന്നെ പാതയും ടൂറിസം സ്പോട്ടായി മാറും. തുരങ്കപാതയിലൂടെ ചരക്ക് നീക്കം സുഗമമാകുന്നതോടെ വ്യവസായ ഇടനാഴിയായും തുരങ്കപാത മാറും.സുഗന്ധവ്യഞ്ജനങ്ങള്‍ പഴങ്ങള്‍ പച്ചക്കറികള്‍ തുടങ്ങിയവയുടെ നീക്കവും എളുപ്പമാകും.