കേന്ദ്രം ജി.എസ്.ടി നിരക്ക് പുനഃക്രമീകരിച്ചാല്‍ കേരളത്തിന് ഭീമമായ വരുമാന നഷ്ടമുണ്ടാകുമെന്ന് ആശങ്ക. 8,000 കോടിയെങ്കിലും കുറവുണ്ടായേക്കുമെന്നും നോട്ടുനിരോധനം പോലെയാകും പരിഷ്കാരമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനങ്ങളുടെ നഷ്ടം കേന്ദ്രം നികത്തണമെന്ന് ബി.ജെ.പി ഇതര ധനമന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു.
ജി.എസ്.ടി നിരക്ക് കുറയ്ക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് എട്ട് ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളിലെ ധനമന്ത്രിമാര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. നികുതിയിളവിനെ പ്രഥമദൃഷ്ട്യാ ജനം സ്വീകരിക്കുമ്പോളും സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നേരിടാന്‍ കേന്ദ്രത്തില്‍ ഒരുമിച്ച് സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യം. നികുതി പരിഷ്കരണത്തില്‍ ആശങ്ക രേഖപ്പെടുത്തിയ യോഗം സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്തുന്നത് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിൽ ചർച്ച ചെയ്യണമെന്ന് സംയുക്തമായി ആവശ്യപ്പെട്ടു. കേരളത്തിന് 20 ശതമാനമെങ്കിലും നികുതി വരവ് കുറയുമെന്ന് ധനമന്ത്രി. സാധാരണക്കാർക്ക് നികുതിയിളവിന്‍റെ ഗുണം ഉറപ്പാക്കണമെന്നും ആവശ്യം.
GST വന്നില്ലായിരുന്നുവെങ്കിൽ 52000 കോടി രൂപ ലഭിക്കുമായിരുന്നു, കഴിഞ്ഞ വർഷം ലഭിച്ചത് 34000 കോടി മാത്രമാണ്. അടുത്ത അഞ്ചു വർഷത്തേക്കെങ്കിലും നഷ്ടപരിഹാരം നൽകണം, ഇല്ലെങ്കില്‍ ക്ഷേമ പദ്ധതികള്‍ പ്രതിസന്ധിയിലാവുമെന്നും കെ.എന്‍.ബാലഗോപാല്‍ വിശദീകരിച്ചു. കര്‍ണാടക ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ തമിഴ്നാട്, കർണാടക, തെലങ്കാന, ബംഗാൾ, ജാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് മന്ത്രിമാര്‍ പങ്കെടുത്തു.