ജി.എസ്.ടി. നിരക്ക് കൃത്യമായി ജനങ്ങളില്‍ എത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇളവ് പ്രാബല്യത്തില്‍ വന്നശേഷം സര്‍വമേഖലയിലും വിലക്കുറവുണ്ടായി. യു.എസ്.തീരുവയോ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പോ ജി.എസ്.ടി പരിഷ്കരണത്തിന് കാരണമല്ലെന്നും ധനമന്ത്രി വാര്‍ത്താസമ്മേളത്തില്‍പറഞ്ഞു. വാണിജ്യ മന്ത്രി പീയുഷ് ഗോയലും ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ജി.എസ്.ടി പരിഷ്കാരം നടപ്പിലാക്കി ഒരുമാസം പിന്നിടുമ്പോഴാണ് ഇളവുകള്‍ എത്രത്തോളം ഫലപ്രദമായെന്ന വിലയിരുത്തല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ജി.എസ്.ടി ഇളവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ കൃത്യമായ നിരീക്ഷണം നടത്തി. 54 നിത്യോപയോഗ സാധനങ്ങളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. ഇതില്‍ ഭൂരിഭാഗം ഉല്‍പന്നങ്ങള്‍ക്കും കാര്യമായ വിലക്കുറവ് ഉണ്ടായെന്നും എന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍.
ദീപാവലി സമയത്ത് ഇലക്ട്രോണിക്സ് വിപണിയില്‍ 20 മുതല്‍ 25 ശതമാനം വില്‍പന വര്‍ധിച്ചുവെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 85 ഇഞ്ച് ടെലിവിഷന്‍ ഔട്ട് ഓഫ് സ്റ്റോക് ആയി. എ.സികള്‍ക്കും ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ധിച്ചെന്ന് മന്ത്രി. ജി.എസ്.ടി ഉളവ് പുതിയ ഊര്‍ജം നല്‍കിയെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയലും പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല ജി.എസ്.ടി പരിഷ്കാരമെങ്കിലും സര്‍ക്കാരിന്‍റെ നയങ്ങള്‍ തിരഞ്ഞെടുപ്പില്‍ വോട്ടാകുമെന്ന് ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.