നമ്മുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന ഒട്ടേറെ മാറ്റങ്ങള്‍ നടപ്പാകുന്ന ദിവസമാണ് ഈ നവംബര്‍ ഒന്ന്. ആധാര്‍ വിവരങ്ങള്‍ പുതുക്കല്‍, ബാങ്ക് നോമിനികളെ തീരുമാനിക്കല്‍, പുതുക്കിയ ജിഎസ്ടി സ്‍ലാബുകള്‍ തുടങ്ങി ഒട്ടനവധി മാറ്റങ്ങള്‍. ഒന്നും മാറ്റിനിര്‍ത്താന്‍ കഴിയാത്തവ. അവ ഏതൊക്കെയാണെന്ന് നോക്കാം.
ആധാര്‍ പരിഷ്കരണം
ആധാര്‍ ഉടമകള്‍ക്ക് പേരും മേല്‍വിലാസവും ജനനത്തീയതിയും മൊബൈല്‍ നമ്പറും ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാം. ഇതിന് ഇന്നുമുതല്‍ ഒരു രേഖയും സമര്‍പ്പിക്കേണ്ട. അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് പോകുന്നത് ഒഴിവാക്കാനും കടലാസുപണികള്‍ ഒഴിവാക്കാനുമാണ് ഡിജിറ്റല്‍ സംവിധാനം നവീകരിച്ചതിലൂടെ ലക്ഷ്യമിടുന്നത്. പാന്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്പോര്‍ട്ട് പോലുള്ള രേഖകള്‍ ലിങ്ക് ചെയ്ത സര്‍ക്കാര്‍ ഡേറ്റാബേസ് വഴി വിവരങ്ങള്‍ തനിയേ പരിശോധിക്കും. ഇതിനായി രേഖകള്‍ അപ്‌ലോഡ് ചെയ്യുകയോ മാന്വല്‍ വെരിഫിക്കേഷന്‍റെയോ ആവശ്യമില്ല. പക്ഷേ വിരലടയാളം, ഐറിസ് സ്കാന്‍ തുടങ്ങി ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ത്തന്നെ പോകണം. ആധാര്‍–പാന്‍ കാര്‍ഡ് ലിങ്കിങ്ങും ഈ ഒന്നാംതീയതി മുതല്‍ നിര്‍ബന്ധമാണ്.
ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസിലും മാറ്റമുണ്ട്. കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഈടാക്കിയിരുന്ന 125 രൂപ ഫീസ് ഒഴിവാക്കി. ഒരുവര്‍ഷത്തേക്കാണ് ഈ സൗജന്യം. മുതിര്‍ന്നവര്‍ക്ക് ജനനത്തീയതി, മേല്‍വിലാസം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാന്‍ 75 രൂപ നല്‍കണം, ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് 125 രൂപയാണ് ഫീസ്. 2026 ജൂൺ 14 വരെ ഓൺലൈൻ ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാന്‍ ഫീസില്ല. അതിനുശേഷം നിരക്കുകൾ ബാധകമാകും.
ആധാർ വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാന്‍ യുഐഡിഎഐ പോർട്ടൽ സന്ദർശിക്കുക. ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയക്കുന്ന OTP യും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം. അപ്ഡേറ്റ് ആധാർ ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫീൽഡ് തിരഞ്ഞെടുക്കാം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപ്ഡേഷൻ പൂർത്തിയാക്കാം.
ജിഎസ്ടി പരിഷ്കരണം
നവംബര്‍ ഒന്നുമുതല്‍ ബിസിനസുകളുടെ ജിഎസ്ടി റജിസ്ട്രേഷന്‍ കൂടുതല്‍ ലളിതമാകും. അപേക്ഷ നല്‍കി മൂന്ന് പ്രവര്‍ത്തിദിവസങ്ങള്‍ക്കുള്ളില്‍ ജിഎസ്ടി റജിസ്ട്രേഷന്‍ നല്‍കാനുള്ള സംവിധാനമാണ് നടപ്പാകുന്നത്. രണ്ടരലക്ഷത്തില്‍ താഴെ നിക്ഷേപമുള്ള ചെറുകിട സംരംഭകര്‍ക്കാണ് ഈ രീതിയില്‍ റജിസ്ട്രേഷന്‍ നല്‍കുക. ഇതുവരെ ഉണ്ടായിരുന്ന നാല് ജിഎസ്ടി സ്ലാബുകള്‍ക്ക് പകരം രണ്ട് പ്രധാന സ്ലാബുകൾ മാത്രമേ ഇനി ഉണ്ടാകൂ. 5 ശതമാനവും 18 ശതമാനവും. പുകയില ഉത്പന്നങ്ങൾ, ബീവറേജ്, ലക്ഷ്വറി ഉത്പന്നങ്ങൾ എന്നിവയ്ക്ക് 40 ശതമാനമാണ് ജിഎസ്ടി.
ബാങ്കിങ്
2025 ലെ ബാങ്കിംഗ് നിയമ ഭേദഗതികള്‍ പ്രാബല്യത്തിൽ വന്നു. സ്ഥിരനിക്ഷേപങ്ങള്‍ക്കും ലോക്കറിനും നാലുപേരെ വരെ നോമിനികളായി നിര്‍ദേശിക്കാം എന്നതാണ് വലിയ മാറ്റം. നാമനിര്‍ദേശ പ്രക്രിയയും എളുപ്പമാക്കിയിട്ടുണ്ട്. നിയമപരമായ അവകാശികള്‍ക്ക് എളുപ്പത്തില്‍ ഫണ്ട് ക്ലെയിം ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്‍റെ ഗുണം. തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കുന്നതിനുള്ള കാലതാമസവും ഒഴിവാകും.
സഹകരണബാങ്കുകളെക്കുറിച്ചുള്ള പരാതിപരിഹാരസംവിധാനം അടിമുടി മാറി. കേരള ബാങ്ക് അടക്കം രാജ്യത്തെ എല്ലാ സഹകരണബാങ്കുകളും റിസര്‍വ് ബാങ്ക് ഓംബുഡ്സ്മാന്‍ പരിധിയിലായി. ഇതുവരെ കേരള സഹകരണ ഓംബുഡ്സ്മാന്‍റെ പരിധിയിലായിരുന്നു കേരള ബാങ്ക്. പരാതിപരിഹാരം റിസര്‍വ് ബാങ്കിന്‍റെ കീഴിലാകുന്നതോടെ സഹകരണ ബാങ്കിങ് മേഖലയിലെ രാഷ്ട്രീയസ്വാധീനത്തിന്‍റെ തോത് മാറും.
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ നവംബർ ഒന്നു മുതൽ മാറ്റങ്ങൾ വരും. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് തേഡ് പാർട്ടി ആപ്പിലൂടെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് ഒരു ശതമാനം ഫീസ് ഈടാക്കും. വാലറ്റ് ടോപ്പ് അപ്പുകൾ 1000 രൂപയിൽ കൂടിയാലും ഒരു ശതമാനം ഫീസ് ബാധകമാകും.
പെന്‍ഷന്‍
പെൻഷൻ വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാർ പെൻഷൻകാർ നവംബർ ഒന്നിനും മുപ്പതിനുമിടയിൽ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ദേശീയ പെൻഷൻ സംവിധാനത്തിൽ അതായത് എൻപിഎസില്‍ നിന്ന് ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറുന്നതിനുള്ള സമയപരിധി നവംബർ 30 വരെയാണ്.