ബാങ്കിങ് രംഗത്ത് ഇന്നുമുതല്‍ കാര്യമായ മാറ്റങ്ങള്‍ നിലവില്‍ വരും. ഡെപ്പോസിറ്റുകള്‍ക്കും ലോക്കറുകള്‍ക്കും ഒന്നിലധികം നോമിനികളെ നിര്‍ദേശിക്കാം എന്നതാണ് പ്രധാനം. കേരള ബാങ്ക് റിസര്‍വ് ബാങ്ക് ഓംബുഡ്സ്മാന്‍ പരിധിയില്‍ വരും എന്നതും ശ്രദ്ധേയമാണ്. ജി.എസ്.ടി റജിസ്ട്രേഷന്‍ അതിവേഗത്തിലാക്കുന്ന സംവിധാനവും നിലവില്‍ വരും.
സ്ഥിരനിക്ഷേപത്തിനും ലോക്കര്‍ സംവിധാനത്തിനും ഇനിമുതല്‍ പരമാവധി നാലുപേരെ നോമിനികളായി നിര്‍ദേശിക്കാം. ഇതുതന്നെ രണ്ടുതരത്തില്‍ ചെയ്യാം. ഒരേസമയം നാലുപേര്‍ക്കും അവകാശം നല്‍കുന്ന സൈമള്‍ടേനിയസ് നോമിനേഷന്‍, മുന്‍ഗണനാ ക്രമത്തില്‍ അവകാശം നല്‍കുന്ന സക്സസീവ് നോമിനേഷന്‍ എന്നിവയാണിത്. സൈമള്‍ട്ടേനിയസ് നോമിനേഷന്‍ അനുസരിച്ച് നാലുപേര്‍ക്കും നിശ്ചിത ശതമാനം തുക നീക്കിവയ്ക്കാം. സക്സസീവ് നോമിനേഷന്‍ അനുസരിച്ച് നോമിനികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കും. അതായത് അക്കൗണ്ട് ഉടമ അകാലത്തില്‍ മരണപ്പെട്ടാല്‍ ഒന്നാമതായി നിര്‍ദേശിച്ച നോമിനിക്കായിരിക്കും നിക്ഷേപത്തിന്‍റെ അവകാശം. ആദ്യ നോമിനിയുടെ കാലശേഷം രണ്ടാമത്തെയാള്‍ക്ക് അവകാശമുണ്ടാകും. ലോക്കറുകള്‍ക്ക് സക്സസീവ് നോമിനേഷന്‍ മാത്രമെ പാടൂവെന്നും നിബന്ധനയുണ്ട്. നിയമക്കുരുക്കുകള്‍ കുറയ്ക്കാനാണ് ഇത്തരമൊരു പരിഷ്കാരം.
മറ്റൊന്ന് സഹകരണ ബാങ്കുകളുടെ പരാതിപരിഹാര സംവിധാനത്തിലെ മാറ്റമാണ്. നിലവില്‍ കേരള ബാങ്ക് കേരള കോ ഓപ്പറേറ്റീവ് ഓംബുഡ്സ്മാന്‍ സ്കീമില്‍ ആണ്. ഇന്നുമുതല്‍ കേരള ബാങ്ക് അടക്കം രാജ്യത്തെ എല്ലാ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള പരാതി പരിഹാര സംവിധാനത്തിന് കീഴില്‍ ആയിരിക്കും.
മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ജി.എസ്.ടി റജിസ്ട്രേഷന്‍ നല്‍കാനുള്ള സംവിധാനവും ഇന്ന് പ്രാബല്യത്തിലാവും. രണ്ടരലക്ഷം രൂപയില്‍ താഴെ നിക്ഷേപമുള്ള സംരംഭകര്‍ക്കാണ് ഇത്തരത്തില്‍ അപേക്ഷിക്കാന്‍ കഴിയുക.