ധര്‍മ്മസ്ഥലയിലെ പരാതിക്കാരനായ മുന്‍ ശുചീകരണത്തൊഴിലാളിക്കു പുറമെ കൂടുതല്‍ അറസ്റ്റിലേക്ക് എസ്.ഐ.ടി. അറസ്റ്റിലായ ശുചീകരണത്തൊഴിലാളി മാണ്ഡ്യ സ്വദേശി സി.എന്‍.ചിന്നയ്യയുടെ മൂത്ത സഹോദരനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചിന്നയ്യക്ക് സാമ്പത്തിക–നിയമ സഹായം നല്‍കിയവരെ അടക്കം വൈകാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
തലയോട്ടിയുമായി നാടകീയമായി പൊലീസ് സ്റ്റേഷനിലും കോടതിയിലുമെത്തി മൊഴി നല്‍കുക. ശുചീകരണത്തൊഴിലാളി സി.എന്‍. ചിന്നയ്യ കളിച്ച നാടകം തുടക്കത്തില്‍ എല്ലാവരിലും വിശ്വാസ്യതയുണ്ടാക്കി. എന്നാല്‍ എസ്.ഐ.ടിയുടെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ എവിടെ നിന്നു കുഴിച്ചെടുത്തതാണ് തലയോട്ടിയെന്നു വെളിപ്പെടുത്താന്‍ ചിന്നയ്യ തയാറായില്ല.
പലപ്പോഴും പരസ്പര ബന്ധമില്ലാത്ത മൊഴിയും നല്‍കി.ഒടുവില്‍ എസ്.ഐ.ടി.തലവന്‍ പ്രണബ് മൊഹന്തിയുടെ ചോദ്യം ചെയ്യലിലാണ് കഴിച്ചെടുത്തല്ല. മറ്റു ചിലര്‍ ൈകമാറിയതാണന്നു വെളിപ്പെടുത്തിയത്. പക്ഷേ ഇയാള്‍ക്കു പിന്നില്‍ കൃത്യമായ ഗൂഡാലോചന നടന്നുവെന്നാണു പ്രാഥമിക വിലയിരുത്തല്‍.
ചിന്നയ്യയുടെ മൂത്തസഹോദരന്‍ തനാസിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ക്കു നിയമസഹായം ഏര്‍പ്പെടുത്തി നല്‍കിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സുപ്രീം കോടതി അഭിഭാഷകരെ അടക്കം അണിനിരത്തിയതിനെ കുറിച്ചും അന്വേഷണമുണ്ടാകും. അതേ സമയം അനന്യഭട്ടിന്റെ കേസില്‍ ആരോപണ വിധേയനായ ഗിരീഷ് മട്ടന്നവര്‍ അറസ്റ്റിലായ ശുചീകരണത്തൊഴിലാളിയെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കണെന്നാവശ്യപ്പെട്ടു രംഗത്തെത്തി.