ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സംഭവത്തില്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ക്ഷമ ചോദിച്ച് റിയാലിറ്റി ഷോ താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ ജാസ്മിന്‍ ജാഫര്‍. ക്ഷേത്രത്തില്‍ ചിത്രീകരിച്ച റീല്‍സ് ജാസ്മിന്‍ നീക്കം ചെയ്യുകയും ചെയ്തു. വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയത് മനസിലാക്കുന്നു. ആരെയും വേദനിപ്പിക്കാനോ പ്രശ്നം ഉണ്ടാക്കാനോ ചെയ്തതല്ല. അറിവില്ലായ്മയായിരുന്നു. തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നും ജാസ്മിന്‍ പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായിട്ടായിരുന്നു ജാസ്മിന്‍ ജാഫറിന്‍റെ ക്ഷമാപണം. ‘എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്‍റെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു’ ജാസ്മിന്‍ സ്റ്റോറിയില്‍ കുറിച്ചു.
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിനായിരുന്നു ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ പരാതി നല്‍കിയത്. മൂന്ന് ദിവസം മുമ്പ് ജാസ്മിൻ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുളത്തിൽ കാൽ കഴുകുന്ന വിഡിയോ പങ്കുവച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. പുണ്യസ്ഥലത്തിന്‍റെ ഭാഗമായി കണക്കാക്കപ്പെടുന്ന ക്ഷേത്രക്കുളത്തിൽ മുൻകൂർ അനുമതിയില്ലാതെ വിഡിയോകളോ റീലുകളോ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നും പരാതിയിലുണ്ട്.
അതേസമയം, റീല്‍സ് നീക്കം ചെയ്യുന്നത് വരെ 2.6 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. കമന്‍റ് ചെയ്യാന്‍ സാധിക്കുന്ന ആളുകള്‍ക്ക് പരിധിയേര്‍പ്പെടുത്തിയായിരുന്നു ജാസ്മിന്‍ റീല്‍ പങ്കുവച്ചത്. എട്ട് ലക്ഷത്തോളം ഫോളോവേഴ്സാണ് ജാസ്മിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. 1.5 മില്യണ്‍ യൂട്യൂബ് സബ്സ്ക്രൈബേഴ്സും സോഷ്യല്‍മീഡിയ താരത്തിനുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ കിഴക്കേനടയില്‍ ഭണ്ഡാരത്തിനു മുകളിലെ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ജസ്‌ന സലീമിനെതിരേ കേസെടുത്തിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ദേവസ്വത്തിന്‍റെ പരാതിയിലായിരുന്നു കേസ്. ജസ്ന സലിം മുൻപ് ക്ഷേത്ര നടപ്പുരയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. അന്ന് നടപ്പുരയിൽ വിഡിയോ ചിത്രീകരണം വിലക്കി കൊണ്ട് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു. മതപരമായ ചടങ്ങുകളോ, വിവാഹങ്ങളോ ഒഴികെ നടപ്പുരയിൽ വിഡിയോ ചിത്രീകരിക്കരുത് എന്നായിരുന്നു നിർദേശം.