pulsar-suni-video

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പള്‍സര്‍ സുനിയുടെ മാസ് റീലുകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂളിങ് ഗ്ലാസ് ധരിച്ച്, മൊബൈലില്‍ സംസാരിച്ച്, മാസ് ബിജിഎമ്മിന്റെ അകമ്പടിയില്‍ കോടതിയുടെ പടിക്കെട്ടുകള്‍ സ്ലോ മോഷനില്‍ ഇറങ്ങിവരുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. പാര്‍ക്കര്‍ ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇത്തരത്തിലുള്ള പള്‍സര്‍ സുനിയുടെ ഒന്നിലധികം വിഡിയോകള്‍ വന്നത്. 

ഈ വിഡിയോകളെ വിമര്‍ശിച്ച സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് പാര്‍ക്കര്‍ ഫോട്ടോഗ്രഫി.  ‘ഉളുപ്പുണ്ടോ’ എന്ന് കമന്‍റിട്ട ഒരു യുവതിയോട് അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീയാണെന്നും നിന്‍റെ ഊഴത്തിനായി കാത്തിരുന്നോളാനുമാണ് മറുപടി കൊടുത്തത്. വിമര്‍ശിക്കുന്ന പുരുഷന്മാരോട് കേട്ടലറയ്ക്കുന്ന ഭാഷയിലുള്ള മറുപടിയാണ് ഇതേ അക്കൗണ്ടില്‍ നിന്നും വരുന്നത്. ഇവരുടെ വീട്ടിലുള്ള സ്ത്രീകള്‍ക്ക് നേരെയും ബലാത്സംഗ ഭീഷണിയുണ്ട്. പള്‍സര്‍ സുനിയെ ന്യായീകരിച്ചും ലവ്, ഫയര്‍ ഇമോജികളും കമന്‍റിട്ടവരും നിരവധിയാണെന്നാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. 10,000ല്‍ അധികം ലൈക്കുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്. 

എസ്‌യുവിക്ക് മുന്നില്‍ സിഗരറ്റ് കത്തിക്കുന്ന സുനിലിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വയം അധോലോക നായകനായി ചമയുന്ന രീതിയിലാണ് റീലുകളെല്ലാം. സിനിമകളിലെ മാസ് ഡയലോഗുകള്‍ ഉപയോഗിച്ച് എല്ലാ റീലിലും സിഗരറ്റ് കത്തിക്കുന്നതും പുകയൂതി വിടുന്നതും ഒക്കെ കാണിക്കുന്നുണ്ട്. ഒടുവില്‍ പങ്കുവച്ച പള്‍സര്‍ സുനിയുടെ വിഡിയോയില്‍ ‘ആ ചിരിയാണ് സാറേ മെയിന്‍’ എന്നാണ് ക്യാപ്ഷന്‍.

അതേസമയം പാര്‍ക്കര്‍ ഫോട്ടോഗ്രഫിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ വ്യാപകമായി രംഗത്തെത്തിയതോടെ വിഡിയോയുടെ കമന്‍റ് ബോക്സ് ഓഫ് ചെയ്​തു. എന്നാല്‍ കമന്‍റ് ബോക്​സിലെ അശ്ലീല മറുപടികളുടെ സ്ക്രീന്‍ ഷോര്‍ട്ട് സഹിതമാണ് ഇന്‍ഫ്ലുവന്‍സര്‍മാര്‍ വിഡിയോ പങ്കുവയ്ക്കുന്നത്. 

ENGLISH SUMMARY:

Pulsar Suni reels are attracting online harassment. The social media platform Parker Photography faces criticism for enabling rape threats against women criticizing the videos.