ഡല്‍ഹി നജഫ്ഗഡിൽ സോഷ്യൽമീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആഴമേറിയ അഴുക്കുചാലിൽ വീണ് യുവതി കഷ്ടിരക്ഷപ്പെട്ടു. വിഡിയോ പകർത്തുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീണ 22-കാരിയെ ഡൽഹി പൊലീസിന്റെ പട്രോളിംഗ് സംഘമാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഡൽഹി പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
അഴുക്കുചാലിൽ വീണ യുവതി രക്ഷയ്ക്കായി നിലവിളിക്കുന്നത് കേട്ടാണ് പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ചളി നിറഞ്ഞ വെള്ളത്തിൽ നിന്ന് യുവതിയെ കരയ്ക്കെത്തിക്കാൻ ഉദ്യോഗസ്ഥർ കയർ താഴ്ത്തി നൽകി. കയറിൽ പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ യുവതി പലതവണ ബാലൻസ് തെറ്റി വീണ്ടും മലിനജലത്തിലേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ അതീവ ജാഗ്രതയോടെയാണ് പൊലീസ് അവരെ സുരക്ഷിതമായി പുറത്തെടുത്തത്.
അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിക്കാനല്ല താൻ ശ്രമിച്ചതെന്ന് രക്ഷപ്പെട്ട ശേഷം യുവതി പ്രതികരിച്ചു. പ്രദേശത്തെ അഴുക്കുചാലുകൾ മാലിന്യം നിറഞ്ഞ് അടഞ്ഞുപോകുന്നതിനെക്കുറിച്ചും അത് ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും ബോധവൽക്കരണം നടത്താനാണ് വിഡിയോ എടുത്തതെന്ന് അവർ വ്യക്തമാക്കി. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ സോഷ്യൽ മീഡിയയിൽ നിരവധിപ്പേർ അഭിനന്ദിക്കുമ്പോഴും, ഇത്തരം സ്ഥലങ്ങളിൽ വിഡിയോ ചിത്രീകരിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്.