Facebook.com/Honeybhaskeran
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ സൈബര്‍ ആക്രമണം നേരിടുന്നെന്ന പരാതിയുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരന്‍. സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഹണി പരാതി നല്‍കിയിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ പരാതി നല്‍കിയ വിവരം ഹണി അറിയിക്കുകയും ചെയ്തു. ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്നും തനിക്ക് ചെയ്യാന്‍ പറ്റുന്നതെന്തും താന്‍ ചെയ്യുമെന്നും ഹണി പോസ്റ്റില്‍ പറയുന്നു. പോസ്റ്റുകൾ, കമന്റുകൾ ഒന്നും ഡിലീറ്റ് ചെയ്യരുത് എന്ന വെല്ലുവിളിയും പോസ്റ്റിലുണ്ട്.
‘സ്ത്രീകള്‍ തങ്ങള്‍ നേരിടുന്ന അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തിയാല്‍ സൈബര്‍ അറ്റാക്ക് നടത്തുന്ന ‘പെര്‍വേറ്റുകളുടെ’ ആഘോഷം കണ്ടു. എന്നാല്‍ നിങ്ങള്‍ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാൽ മതി. നിങ്ങളെ ജനിപ്പിച്ചത് ഓർത്ത് അവർ തലയിൽ കൈ വെച്ചാൽ മതി. എന്നെ തീർത്തു കളയാൻ പറ്റില്ല. കരുത്തോടെയാണ് പോക്ക്’, ഹണി ഭാസ്കരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...
‘സ്ത്രീകൾ ഏതെങ്കിലും രീതിയിൽ തനിക്ക് ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയാൽ ഉടൻ സൈബർ അറ്റാക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെർവേർറ്റുകളുടെ ആഘോഷം കണ്ടു. ഏറ്റവും ഭീകരമായ സൈബർ ആക്രമണം നേരിടുന്നു പക്ഷേ, നിങ്ങൾ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാൽ മതി. നിങ്ങളെ ജനിപ്പിച്ചത് ഓർത്ത് അവർ തലയിൽ കൈ വെച്ചാൽ മതി. എന്നെ തീർത്തു കളയാൻ പറ്റില്ല. ആ കരുത്തോടെയാണ് മുൻപോട്ട്.
എനിക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്നത്, പരമോന്നത സ്ഥാനത്തേക്ക് നിങ്ങളുടെ അതിക്രമം എത്തിക്കുക എന്നതാണ്. നിങ്ങൾക്കുള്ള പൊതിച്ചോറ് വീട്ടിൽ എത്തിക്കാൻ സർക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേ? പോസ്റ്റുകൾ, കമന്റുകൾ ഒന്നും ഡിലീറ്റ് ചെയ്യരുത്. അവിടെ തന്നെ ഉണ്ടാകണം...! സൈബർ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി...!’
യുവ രാഷ്ട്രീയ നേതാവിനെതിരെയുള്ള നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരന്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. ‘രാഹുൽ മാങ്കൂട്ടം – അനുഭവം’ എന്ന പേരില്‍ പങ്കുവച്ച കുറിപ്പില്‍ രാഹുല്‍ ഒരു രാഷ്ട്രീയ മാലിന്യമാണെന്നും രാഹുലിനോട് ഇടപഴുകിയിട്ടുള്ള പാർട്ടിയിലെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നെന്നും ഹണി ഭാസ്കര്‍ പറയുന്നു. ശ്രീലങ്കന്‍ യാത്രയ്ക്കിടെ രാഹുല്‍ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും എന്നാല്‍ സുഹൃത്തുക്കളോട് അത് മറ്റെരുതരത്തിലാണ് രാഹുല്‍ പറഞ്ഞതെന്നും പോസ്റ്റിലുണ്ട്. ഹണി ഭാസ്കരന്‍ പങ്കുവച്ച പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം...
പോസ്റ്റില്‍ ഷാഫി പറമ്പില്‍ എംപിയ്ക്കെതിരെയും വിമര്‍ശനമുണ്ട്. യൂത്ത് കോൺഗ്രസിലെ സകല ‘പെർവേർറ്റുകളെ’ കുറിച്ചും വ്യക്തമായ ധാരണ ഷാഫി പറമ്പിലിനുണ്ടെന്നുമാണെന്ന് പോസ്റ്റില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തക തന്നെ പറഞ്ഞ കാര്യമാണിതെന്നും ഹണി പോസ്റ്റില്‍ പറയുന്നു. നിയമ സഭയിൽ പോയി സ്ത്രീകൾക്ക് വേണ്ടി വലിയ പ്രസംഗം നടത്തുമെങ്കിലും യൂത്ത് കോൺഗ്രസിലെ സ്ത്രീലമ്പടൻമാർക്കെതിരെ പ്രവർത്തകർ കൊടുത്ത ഒരൊറ്റ പരാതി പോലും ഗൗനിക്കാറില്ലെന്നും പോസ്റ്റില്‍ ആരോപണമുണ്ട്.
രാഹുൽ ഇരയാക്കിയ ഒരുപാട് സ്ത്രീകളെ തനിക്ക് അറിയാമെന്നും, അവരിൽ വനിതാ കോൺഗ്രസ് പ്രവർത്തകർ പോലും ഉണ്ടെന്നും ഹണി ഭാസ്കർ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ നിയമനടപടികൾ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അവർ, ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് നൽകട്ടെ, നേരിടാൻ തയ്യാറാണെന്ന് വെല്ലുവിളിച്ചു.