Image Credit: facebook.com/Honeybhaskeran
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ സൈബര്‍ ആക്രമണം നേരിടുന്നെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരന്‍റെ പരാതിയില്‍ ഒന്‍പതു പേര്‍ക്കെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 79,78(1)(ii) വകുപ്പുകള്‍ പ്രകാരവും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 43,66,67, കേരള പൊലീസ് ആക്ട് 120(o) എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസിന്‍റെ പ്രഥമ വിവര റിപ്പോര്‍ട്ട് ഹണി ഭാസ്കര്‍ തന്നെ തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കു എന്ന ഉദ്ദേശത്തോടെ പ്രതികള്‍ പരാതിക്കാരിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പിന്തുടരുകയും അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ചിത്രം ഉപയോഗി്കുകയും ഫെയ്സ്ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികള്‍ പരാതിക്കാരിയുടെ അന്തസ്സിനെ ഹനിക്കുന്ന ഉദ്ദേശത്തോടെയുള്ള വാക്കുകൾ ഉപയോഗിക്കുകയും സ്വകാര്യതയിലേക്ക് കടന്നു കയറുകയും ചെയ്തു എന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിനൊപ്പം ഫെയ്സ്ബുക്ക് കുറിപ്പും ഹണി പങ്കുവച്ചിട്ടുണ്ട്.
പൊരുതി തന്നെയാണ് ഇതുവരെ എത്തിയതെന്നും ഏത് തരത്തിലുമുള്ള അക്രമവും നേരിടുന്ന സ്ത്രീകൾക്ക് ഒപ്പം കൂടി തന്നെയാണ് സംസ്ഥാനവും നിയമ സംവിധാനങ്ങളും എന്ന് ബോധ്യപ്പെടുത്തുന്നതാണ് അതിവേഗമുള്ള ഈ മാതൃകാപരമായ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മറുപടി സ്ത്രീകൾക്ക് എതിരെയുള്ള ഏത് പ്രശ്നത്തെയും അഭിവാദ്യം ചെയ്ത് കൊണ്ട് പരിഹരിക്കാൻ കൂടി ഉള്ളതാണ് ഈ ഓഫീസ് എന്നതായിരുന്നുവെന്നും ഹണി പോസ്റ്റില്‍ പറയുന്നു.
സൈബർ പൊലീസിൽ നിന്നും രണ്ട് തവണയും വിളിച്ചത് സ്ത്രീകളായ ഉദ്യോഗസ്ഥർ ആയിരുന്നു. നിങ്ങൾ സ്ത്രീകൾ ആയതുകൊണ്ടാണ് പറയുന്നത് സ്ത്രീകൾ അക്രമം നേരിടുമ്പോൾ, സ്ത്രീകൾ തന്നെ ഒപ്പം ഉണ്ടാകണം എന്ന് ഞാൻ അവരോട് പറയുമ്പോൾ എന്റെ ഒച്ച ഇടറി. ‘എല്ലാം കാണുന്നുണ്ട്, നിയമ നടപടികൾ പെട്ടന്ന് തന്നെ ഉണ്ടാകും. ഉറപ്പ്. മാഡം സമാധാനത്തോടെ ഇരിക്കണം’ എന്ന മറുപടി തന്ന സുരക്ഷിതത്വം. അത് കേട്ട് കണ്ണു നിറഞ്ഞു, എന്നും ഹണി പോസ്റ്റില്‍ പറയുന്നു. പിന്തുണച്ച മനുഷ്യരോട് നന്ദിയുണ്ടെന്നും ഹണിയുടെ പോസ്റ്റിലുണ്ട്.
ഹണി ഭാസ്കരന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്...
‘സ്ത്രീകൾക്ക് നേരെ സൈബർ ഇടങ്ങളിലെ വെർബൽ റേപ്പിനും ഭീഷണികൾക്കും അധിക്ഷേപങ്ങൾക്കും മുൻപിൽ മുട്ടു മടക്കിച്ചു നിശബ്ദരാക്കാമെന്നു കരുതുന്നവർക്കുള്ള പൊതിച്ചോറ് തയാറായിട്ടുണ്ട്...! പരാതി കൊടുത്തിട്ടുണ്ട് എന്നറിഞ്ഞപ്പോൾ പോസ്റ്റ് മുക്കി കണ്ടം വഴി ഓടിയ ധൈര്യശാലികൾക്കുള്ളതും ഉണ്ട്. ബാക്കി ഉള്ളവർക്കുള്ളത് വേറെ തയാറാക്കുന്നുണ്ട്.
നിങ്ങൾ എന്നെ പറഞ്ഞത് പിന്നെയും ഞാൻ ക്ഷമിച്ചേനെ... പക്ഷേ എനിക്കൊപ്പം നടന്ന മനുഷ്യരെ പറഞ്ഞത്, എന്റെ പ്രൊഫൈലിൽ കയറി അവർക്കൊപ്പമുള്ള ചിത്രങ്ങൾ എടുത്ത് ഹീനമായി സ്ലറ്റ് ഷേമിങ് നടത്തിയത് പൊറുക്കില്ല.
നിങ്ങൾ ഒക്കെ ശർദ്ധിക്കുന്നത് വാരി വിഴുങ്ങേണ്ട ഗതികേട് ഇവിടൊരു സ്ത്രീയ്ക്കുമില്ല. കേട്ടല്ലോ....? പൊരുതി തന്നെയാണ് ഇതുവരെ എത്തിയത്. അതുകൊണ്ട് നിങ്ങളെ പോലുള്ള മാലിന്യങ്ങൾ വിചാരിച്ചാൽ കെട്ടു പോവുന്നതല്ല ഉള്ളിലെ തീ. പെർവേർട്ടുകൾക്ക് ഒപ്പമല്ല, സോഷ്യൽ മീഡിയയിൽ ഏത് തരത്തിലുമുള്ള അക്രമവും നേരിടുന്ന സ്ത്രീകൾക്ക് ഒപ്പം കൂടി തന്നെയാണ് സ്റ്റേറ്റും നിയമ സംവിധാനങ്ങളും എന്ന് ബോധ്യപ്പെടുത്തുന്നത് കൂടിയാണ് അതിവേഗം നടത്തിയ ഈ മാതൃകാപരമായ നിയമ നടപടി. വെളിച്ചം കെട്ടു പോകാത്ത കുറേ മനുഷ്യർ ചുറ്റിലും ഉണ്ടാകും എന്ന് കൂടി ഈ FIR പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മറുപടി സ്ത്രീകൾക്ക് എതിരെയുള്ള ഏത് പ്രശ്നത്തെയും അഭിവാദ്യം ചെയ്ത് കൊണ്ട് പരിഹരിക്കാൻ കൂടി ഉള്ളതാണ് ഈ ഓഫീസ് എന്നതാണ്. ഇങ്ങനൊക്കെ കേൾക്കുമ്പോൾ വന്നു നിറയുന്ന ഒരാത്മധൈര്യം ഉണ്ട്. പ്രതീക്ഷയുടെ വാതിൽ ആണത്. സൈബർ പൊലീസിൽ നിന്നും രണ്ട് തവണയും വിളിച്ചത് സ്ത്രീകളായ ഉദ്യോഗസ്ഥർ ആയിരുന്നു. നിങ്ങൾ സ്ത്രീകൾ ആയതുകൊണ്ടാണ് പറയുന്നത് സ്ത്രീകൾ അക്രമം നേരിടുമ്പോൾ, സ്ത്രീകൾ തന്നെ ഒപ്പം ഉണ്ടാകണം എന്ന് ഞാൻ അവരോട് പറയുമ്പോൾ എന്റെ ഒച്ച ഇടറി. ‘എല്ലാം കാണുന്നുണ്ട്, നിയമ നടപടികൾ പെട്ടന്ന് തന്നെ ഉണ്ടാകും. ഉറപ്പ്. മാഡം സമാധാനത്തോടെ ഇരിക്കണം’ എന്ന മറുപടി തന്ന സുരക്ഷിതത്വം. അത് കേട്ട് കണ്ണു നിറഞ്ഞു.
സ്ത്രീകളേ... ജനിതക തകരാറു കൊണ്ട് ആരെങ്കിലും സോഷ്യൽ മീഡിയയിൽ വന്നു പരസ്യമായി വിസർജ്ജിക്കുമ്പോൾ അവിടേക്ക് ഒരു കല്ലെങ്കിലും എടുത്ത് എറിയാൻ പറ്റണം. മിണ്ടാതിരുന്നാൽ അതിന്റെ ദുർഗന്ധം നമ്മളേ തന്നെ പൊതിഞ്ഞു കളയും. പിന്നാലെ നടക്കുന്നവരും അതിൽ ചെന്നു വീഴും. പ്രെഡേറ്റെഴ്സിനും പെർവേർറ്റുകൾക്കും റെപ്പിസ്റ്റുകൾക്കും പൊട്ടെൻഷ്യൽ റെപ്പിസ്റ്റുകൾക്കും പിന്നാമ്പുറ കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞ് അവർക്ക് സോഷ്യൽ ഡാമേജ് ഉണ്ടാക്കുന്ന അബ്യൂസേഴ്സിനും ഉള്ളതല്ല ഈ ഇടം എന്ന് പറയേണ്ടത് നമ്മൾ തന്നെയാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ അത്രയും തീവ്രമായ സൈബർ അറ്റാക് നേരിടുമ്പോൾ വീഴാതെ വാക്കുകൾ കൊണ്ട് താങ്ങി പിടിച്ച മനുഷ്യരോട് പോലും നന്ദിയുണ്ട്.’