പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാടും വീടും ഇഷ്ടങ്ങളുമെല്ലാം ത്യജിച്ചാണ് മോദി രാജ്യ സേവനത്തിനായി ഇറങ്ങിയത്. ജനങ്ങളാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യമെന്നും അമിത് ഷാ പറഞ്ഞു. അധികാരത്തിന്‍റെ ഇടനാഴികളിലെങ്ങും മോദിയുടെ ബന്ധുക്കളെ ആര്‍ക്കും കാണാന്‍ കഴിയില്ല. മികച്ച ഭരണകര്‍ത്താവെന്ന നിലയില്‍ മുന്നോട്ടു പോകുമ്പോള്‍ തന്നെ സാമൂഹിക ജീവിതത്തില്‍ മോദി പുലര്‍ത്തുന്ന വ്രതശുദ്ധി പ്രശംസനീയമാണ്. ഇങ്ങനെ മറ്റൊരാള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
നീണ്ടകാലം രാഷ്ട്രീയ സ്വയം സേവകനായും പിന്നീട് ബിജെപി പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച മോദിയുടെ കഴിവ് തിരിച്ചറിഞ്ഞാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും ജനവിധി തേടാതിരുന്നിട്ടും നേരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമായി പാര്‍ട്ടി പരിഗണിച്ചത്. അത് തെറ്റിയില്ല. ബിജെപിയുടെ ആശയാടിത്തറയോട് അടിയുറച്ച പ്രതിബദ്ധത മോദിയുടെ നടപ്പിലും എടുപ്പിലും കാണാമെന്നും അമിത് ഷാ പറഞ്ഞു. Also Read: സംവാദത്തിന് തയാറുണ്ടോ? പിണറായിയെ വെല്ലുവിളിച്ച് അമിത് ഷാ
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ തുടങ്ങി കശ്മീരിന്‍റെ പ്രത്യേക പദവി ഒഴിവാക്കുന്നതിലും ഭീകരവാദത്തെ ചെറുക്കുന്നതിലും പാക്കിസ്ഥാന് മറുപടി നല്‍കാനും മോദിയുടെ നിശ്ചയദാര്‍ഢ്യം രാജ്യവും ലോകവും കണ്ടതാണ്. ലോകത്തിന് മുന്നില്‍ ഓരോ ഭാരതീയന്‍റെയും അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും മോദി മറക്കാറില്ല.
മികച്ച കേള്‍വിക്കാരന്‍ കൂടിയായ മോദി പ്രവര്‍ത്തകരോട് നിരന്തരം സംവദിക്കാനും സമയം കണ്ടെത്തുന്നുവെന്നത് തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ ദാരിദ്ര്യമുക്തമാക്കുകയെന്ന വലിയ ദൗത്യത്തിന് ഇന്ന് നേതൃത്വം നല്‍കുമ്പോള്‍ തന്നെ രാജ്യസുരക്ഷയിലും ആ ശ്രദ്ധയെത്തുന്നു. ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കണ്ടെത്തുക അസാധ്യമാണെന്നും യുവാക്കള്‍ക്കും വരും തലമുറയ്ക്കും പ്രചോദനമാണ് മോദിയുടെ ജീവിതമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.