സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്കാണ് രോഗബാധ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരം.
പനിബാധിച്ച് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ കുട്ടിക്ക് രോഗം പിടിപെടാൻ കാരണമായ ജലസ്രോതസ് കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു. കുട്ടിയുടെ വീടിന് സമീപത്തെ പൊതുകുളത്തിൽ ഇറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തി. സമീപത്തെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തും. പതിനൊന്നു വയസുകാരി ഉൾപ്പെടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ ആറായി.
രോഗം സ്ഥിരീകരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാംക്ലാസുകാരി അനയയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പരിശോധന നടത്തി.