രാവിലെ ചായ കിട്ടിയില്ലെന്ന കാരണത്താല്‍ 30കാരിയായ മരുമകളെ 70കാരിയായ അമ്മായിയമ്മ നിഷ്ക്കരുണം വെട്ടിക്കൊലപ്പെടുത്തിയത് പിഞ്ചുമക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ. കരുളായി ചെട്ടിയില്‍ കുണ്ടുങ്ങല്‍ പുളിക്കത്തടത്തില്‍ സുനില്‍ബാബുവിന്റെ ഭാര്യ രജിലയാണ് ഭര്‍ത്താവിന്റെ അമ്മയുടെ ക്രൂരതയ്ക്കിരയായത്. പ്രതി ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സുനില്‍ബാബു ജോലിക്ക് പോയ ശേഷമാണ് കൊലപാതകം നടന്നത്. ചായ കിട്ടാതായതോടെ ശാന്ത വാക്കത്തിയുമായി ഓടിയെത്തി വാതില്‍ തള്ളിത്തുറന്ന് പിഞ്ചുമക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന രജിലയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ചോര ചീറ്റുന്ന ശരീരവുമായി രജില ഓടാന്‍ ശ്രമിച്ചെങ്കിലും വാതില്‍ക്കല്‍ തളര്‍ന്നുവീണു.
നിലവിളിയും ബഹളവും കേട്ടുണര്‍ന്ന മക്കള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന അമ്മയേയാണ്. പേടിച്ചരണ്ട മക്കളുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. ഉടന്‍ തന്നെ രജിലയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിലും മുഖത്തും തലയിലും കൈകളിലും വെട്ടേറ്റിട്ടുണ്ട്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിനു കാരണമായത്.
അറസ്റ്റ് ചെയ്ത ശാന്തയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കരുളായി വാസുപ്പടിയിലെ രാജന്റേയും വത്സലയുടേയും മകളാണ് രജില. തീര്‍ഥയും റിഷികയും മക്കളാണ്. പോസ്റ്റുമോര്‍ട്ടം നടത്തി. ഇന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.