തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ പരസ്യപ്രതികരണത്തിന് വിലക്ക്. ഡോ.ഹാരിസിന് പിന്നാലെ ഡോ.മോഹന്‍ദാസും ആരോഗ്യമേഖലയെ വിമര്‍ശിച്ചതോടെയാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അച്ചടക്കവാളോങ്ങി ഡോക്ടര്‍മാരുടെ വാ മൂടിക്കെട്ടുന്നത്. മരണാനന്തര അവയവദാനരംഗം കാര്യക്ഷമമല്ലെന്ന് വെളിപ്പെടുത്തിയ നെഫ്രോളജി വിഭാഗം തലവന്‍ ഡോ.മോഹന്‍ദാസിന് മെമ്മോയും നല്കി.
മരണാനന്തര അവയവദാന പദ്ധതി പാടെ തകര്‍ന്നെന്നും അത് ഏകോപിപ്പിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമായ കെ.സോട്ടോ പരാജയമെന്നുമാണ് നെഫ്രോളജി വിഭാഗം മേധാവിയായ മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചത്. കെ സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജോലി ചെയ്യുന്ന ആലപ്പുഴ മെഡി കോളജില്‍ ഇതുവരെ കടാവര്‍ ട്രാന്‍സ്പ്ളാന്റ് നടന്നിട്ടില്ലെന്നും വിമര്‍ശനമായി അദ്ദേഹം എഴുതി. മെഡിക്കല്‍ കോളജ് മുന്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ. വേണുഗോപാലിന്റെ മരണവാര്‍ത്ത പങ്കുവച്ചായിരുന്നു കുറിപ്പ്. 'ഡോ. വേണുഗോപാലും ഡോ. രാംദാസുമാണ് കേരളത്തിലെ മൃതസഞ്ജീവനി വിജയമാക്കി തീര്‍ത്തത്. രാംദാസ് സാറിന്റെ മരണത്തോടെ മൃതസഞ്ജീവനി സമ്പൂര്‍ണ പരാജയമാണെന്നും' കുറിപ്പില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇനി ഇങ്ങനെ ഒരു ഡോക്ടറും തുറന്ന് പറയുകയോ എഴുതുകയോ ചെയ്യേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തിട്ടൂരം.
പരസ്യപ്രതികരണം നടത്തിയാല്‍ സര്‍വീസ് ചട്ടലംഘനമായി കണക്കാക്കി കടുത്ത നടപടിയെടുക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പി.കെ.ജബ്ബാര്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി. ഇതിന് പുറമെ ഡോ.മോഹന്‍ദാസിന് കാരണം കാണിക്കല്‍ നോട്ടിസും നല്കി. നോട്ടിസിന് മറുപടി നല്കിയ മോഹന്‍ദാസ് പോസ്റ്റ് പിന്‍വലിച്ചതായും ഇനി ആവര്‍ത്തിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. പരസ്യപ്രതികരണത്തില്‍ മാപ്പും പറഞ്ഞു.