സംസ്ഥാനത്തേക്ക് വ്യാജവെളിച്ചെണ്ണ എത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാറിന് കൈമാറി മനോരമ ന്യൂസ്. അന്വേഷണത്തിലൂടെ ലഭിച്ച വ്യാജ വെളിച്ചെണ്ണയുടെ സാംപിളുകൾ സർക്കാർ ലാബിൽ അയച്ച് പരിശോധിച്ചപ്പോൾ മനോരമ ന്യൂസിന് ലഭിച്ച ഫലമാണ് ഭക്ഷ്യമന്ത്രി ജി. ആർ. അനിലിന് കൈമാറിയത്. മനോരമ ന്യൂസ് അന്വേഷണത്തിലെ കണ്ടെത്തൽ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ മന്ത്രി കർശന നടപടിയും ഉറപ്പ് നൽകി. 

തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന വ്യാജ വെളിച്ചെണ്ണയുടെ വിൽപ്പന കേരളത്തിൽ വ്യാപകമാണെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യാജ വെളിച്ചെണ്ണയുടെ വിൽപ്പന തടയാൻ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. 

മന്ത്രിയുടെ പ്രതികരണം: 

വിപണിയിൽ വില വർധിക്കുമ്പോൾ വ്യാജന്മാർ കടന്നുവരുന്നത് സാധാരണമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമായി നടത്തുന്നുണ്ടെന്നും, എന്നാൽ ഈ അന്വേഷണം അത് കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമിതമായി വില കുറച്ച് വിൽക്കുന്ന ഉൽപ്പന്നങ്ങൾ വ്യാജമാണെന്ന് ഉറപ്പുവരുത്തണമെന്നും, വെളിച്ചെണ്ണയ്ക്ക് പുറമെ മറ്റ് നിത്യോപയോഗ സാധനങ്ങളിലും ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത് ഗൗരവമായ ചർച്ചയ്ക്കും ചിന്തയ്ക്കും വഴിവെക്കേണ്ടതുണ്ടെന്നും, വ്യാപകമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലൂടെ ഇതിനെ തടയണമെന്നുമുള്ള നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Adulterated coconut oil is a serious concern in Kerala, with fake products entering the state from Tamil Nadu. Manorama News exposed this issue, prompting the Food Minister to promise strict action and enhanced enforcement activities to protect consumers.