അതിദാരുണമായ ഒരപകട വാര്‍ത്ത പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്നെത്തുകയാണ്. വാഹനാപകടത്തില്‍ രണ്ടാം ക്ലാസുകാരി മരണപ്പെട്ടു. സ്കൂളിലേക്ക് അച്ഛനൊപ്പം പോയ കുട്ടിയാണ് ബസ് കയറി മരിച്ചത്. ഓട്ടോറിക്ഷയിൽ തട്ടി സ്കൂട്ടര്‍ മറിഞ്ഞതോടെ റോഡിലേക്ക് വീണ കുഞ്ഞിന്‍റെ തലയിലൂടെ ബസിന്‍റെ ചക്രം കയറിയിറങ്ങി എന്നാണ് വിവരം. അച്ഛന്‍റെ കണ്‍മുന്നില്‍ വച്ചാണ് ഇതുണ്ടായത് എന്നതാണ് അതിദാരുണമായ കാര്യം.
ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് അപകടം. പിന്നാലെയെത്തിയ ബസ് ഉച്ചത്തില്‍ ഹോണടിച്ചപ്പോള്‍ സ്കൂട്ടര്‍ ഇടതുവശത്തേക്ക് നീക്കി നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഓട്ടോയിലിടിച്ച് കുഞ്ഞ് റോഡിലേക്ക് വീണതെന്ന പ്രാഥമിക വിവരമാണ് എത്തുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം നടപടികള്‍ക്ക് ശേഷം വിട്ടുനല്‍കും. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.