‘ആ കുഞ്ഞിന്‍റെ മുഖം കണ്ടിട്ട് നിനക്ക് എങ്ങനെ കൊല്ലാന്‍ തോന്നി, മനുഷ്യന്‍ ഇത്രയ്ക്കും ക്രൂരനാകുമോ, അച്ഛന്‍ എന്ന വാക്കിന് പോലും നീ യോഗ്യനല്ലാ’, ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് ഷിജിലിനെതിരെ സൈബറിടത്ത് ഉയരുന്ന രോക്ഷപ്രകടനങ്ങളാണിത്. കവളാകുളം ഐക്കരവിളാകം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിൽ – കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഹാനെ (അപ്പു) മരിച്ചനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ബിസ്കറ്റും മുന്തിരിയും കഴിച്ചതിനെത്തുടർന്ന് കുട്ടി കുഴഞ്ഞുവീണെന്നായിരുന്നു ഇരുവരും പറഞ്ഞത്. എന്നാൽ, അത്യാഹിത വിഭാഗത്തിൽ ഇഹാനെ പരിശോധിച്ച ഡോക്ടർമാർ അടിവയറ്റിലെ ക്ഷതം കണ്ടെത്തിയത് കേസന്വേഷണത്തിൽ നിർണായകമായി.
കുഞ്ഞ് എവിടെയെങ്കിലും വീണോയെന്ന ഇവരുടെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ഷിജിലിന്റെ മറുപടി.പിന്നാലെ പരിശോധിച്ച ഫൊറൻസിക് സർജനും കുഞ്ഞിന്റെ അടിവയറ്റിൽ ക്ഷതമേറ്റതു സ്ഥിരീകരിച്ചു. അതെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പൊലീസിനെ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒൗദ്യോഗികമായി ലഭിച്ചിട്ടില്ലെങ്കിലും സർജന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലേക്കു നീങ്ങുകയായിരുന്നു.തുടക്കത്തിൽ തന്നെ മരണത്തിൽ സംശയം തോന്നിയ പൊലീസ്, ഇഹാന്റെ സംസ്കാരം കഴിഞ്ഞയുടൻ ഷിജിലിനെയും കൃഷ്ണപ്രിയയെയും നെയ്യാറ്റിൻകര സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു
ജനുവരി പതിനാറിന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഇഹാന്‍ കരഞ്ഞുകൊണ്ട് എഴുന്നേല്‍ക്കുകയും കട്ടിലില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തു. കുഞ്ഞ് കരയുന്നത് കേട്ട് എഴുന്നേറ്റ കൃഷ്ണപ്രിയ മുറിയിലെ ലൈറ്റ് ഇടുകയും കുഞ്ഞിനെ ശുചിമുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതോടെ ദേഷ്യം പിടിച്ച ഷിജില്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ പറഞ്ഞ് ബഹളമുണ്ടാക്കി. കുട്ടിയെ വൃത്തിയാക്കിയ ശേഷം കൃഷ്ണപ്രിയ കട്ടിലില്‍ കൊണ്ട് കിടത്തി.
കുട്ടി കാരണം ഉറക്കം പോയി എന്ന് പറഞ്ഞ് ഷിജില്‍ വീണ്ടും ബഹളം വെച്ചു. ഇതിനുശേഷമാണ് കട്ടിലിൽ കിടന്ന കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം വയറ്റിൽ കൈകൊണ്ട് ഇടിച്ചത്. കുട്ടി വേദന കൊണ്ട് കരഞ്ഞെങ്കിലും തിരിഞ്ഞു നോക്കാതെ ഷിജിൽ കിടന്നുറങ്ങി. പുറമേ മുറിവ് കാണാതിരുന്നതിനാൽ കൃഷ്ണപ്രിയ കുട്ടിയുടെ കരച്ചിൽ മാറ്റിയശേഷം കിടത്തി ഉറക്കുകയായിരുന്നു. അന്ന് വൈകിട്ടോടെയാണ് കുട്ടിയുടെ അവസ്ഥ മോശമാവുകയും ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിക്കുകയും ചെയ്തത്. ഇക്കാര്യം ഷിജിലും ഭാര്യ കൃഷ്ണപ്രിയയും പൊലീസിനോട് സമ്മതിച്ചു.