image credit:x/uppolice
ഹോം വര്‍ക് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് നാലുവയസുകാരിയെ അച്ഛന്‍ അടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഫരീദാബാദിലാണ് സംഭവം. ബുധനാഴ്ച പ്ലേ സ്കൂളില്‍ നിന്നും മടങ്ങിയെത്തിയ ശേഷം മകളെ ഹോം വര്‍ക് ചെയ്യാനായി കൃഷ്ണ വിളിച്ചിരുത്തി. തുടര്‍ന്ന് ഒന്ന് മുതല്‍ 50 വരെ എഴുതാന്‍ പറഞ്ഞു. കുട്ടിക്ക് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ കൃഷ്ണയ്ക്ക് ദേഷ്യം വരികയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പൊതിരെ തല്ലി. ഇതാണ് മരണകാരണമായത്.
വൈകുന്നേരമായപ്പോള്‍ കുട്ടിയുടെ അമ്മ വീട്ടിലെത്തി. മകള്‍ അനക്കമറ്റ് കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലും പോസ്റ്റുമോര്‍ട്ടത്തിലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി തെളിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
കുട്ടിയുടെ പിതാവിനെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ല സ്വദേശിയാണ് കൃഷ്ണ. തൊഴില്‍ ആവശ്യത്തിനായാണ് ഇവര്‍ ഫരീദാബാദിലേക്ക് താമസിക്കാനെത്തിയത്. കൃഷ്ണയും ഭാര്യയും സ്വകാര്യ സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. രാവിലെയുള്ള ഷിഫ്റ്റില്‍ ഭാര്യ ജോലിക്ക് പോകുമ്പോള്‍ കൃഷ്ണയാണ് മകളുടെ കാര്യങ്ങള്‍ നോക്കി വന്നിരുന്നത്.