വീടു പൊളിച്ചു അകത്തു കടക്കാനെത്തിയ കാട്ടാനയിൽ നിന്ന് രണ്ടു മാസം പ്രായമായ കുഞ്ഞിനെയും കയ്യിൽ പിടിച്ച് ഓടി കുടുംബം. തമിഴ്നാട് വാൽപ്പാറയിൽ പുലർച്ചെ 1 മണിക്കായിരുന്നു കാട്ടാന ആക്രമണം. പാലക്കാട് പനംകുറ്റിയിൽ ജനവാസമേഖലയിലിറങ്ങിയ കൊമ്പൻ വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി
വാൽപ്പാറ പുതുപ്പാടി എസ്റ്റേറ്റിലെ കൺമണിയുടെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. വാതിലും ജനലും തകർത്തു അകത്തു കടക്കാനായിരുന്നു അഞ്ചോളം ആനകളുടെ ശ്രമം. ശബ്ദം കേട്ട് ഉണർന്ന കുടുംബം ആനകളെ കണ്ടു, ഉടൻ കുഞ്ഞിനെ എടുത്ത് ഓടി സമീപത്തെ വീട്ടിൽ അഭയം തേടി.
വനപാലകരത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ആനക്കൂട്ടത്തെ തുരത്തിയത്. പ്രദേശത്തെ 8 ഓളം വീടുകളും കടകളും നേരത്തെ ആനക്കൂട്ടം തകർത്തിരുന്നു. വന്യജീവി ആക്രമണം സ്ഥിരമായതോടെ വാൽപ്പാറയിലെ വിനോദസഞ്ചാരമേഖലയിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റിയിൽ വീണ്ടും കാട്ടാനയാക്രമണമുണ്ടായി. പുലർച്ചെ എത്തിയ കൊമ്പൻ പനംകുറ്റി സ്വദേശി മണ്ണാർകുടി ജോർജ് ജോസഫിന്റെ തോട്ടത്തിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഏറെ നേരം ജനവാസമേഖലയിൽ നിലയുറപ്പിച്ച കൊമ്പൻ പിന്നീട് കാടുകയറി. ദിവസങ്ങൾക്ക് മുമ്പും ഒറ്റയാൻ ജനവാസ മേഖലയിലെത്തിയിരുന്നു.