വിഭജന ഭീതി ദിനത്തെ ചൊല്ലി പരസ്പരം ഇടഞ്ഞ് സര്‍ക്കാരും ഗവര്‍ണറും. വിഭജനഭീതി ദിനം കോളജുകളില്‍ ആചരിക്കണമെന്ന ഗവര്‍ണറുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പറയുമ്പോഴും സര്‍വകലാശാല വിസിമാര്‍ ഉത്തരവ് റജിസ്ട്രാര്‍മാര്‍ക്ക് കൈമാറിയിരിക്കുകയാണ്. കേരള, സാങ്കേതിക , കണ്ണൂര്‍ സര്‍വകലാശാല വിസിമാര്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീതിദിനാചരണം തടയുമെന്ന് എസ്.എഫ്.ഐയും കെ.എസ്.യുവും വ്യക്തമാക്കിയതോടെ കാംപസുകളില്‍ പുതിയ പോര്‍മുഖം തുറന്നു.
വിഭജന ഭീതി ദിനത്തിലെ വിമര്‍ശനങ്ങളില്‍ രാജ്ഭവന് അതൃപ്തിയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കുലറെന്നും ജൂലൈ 11ന് കത്ത് നല്‍കിയെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു. ഗവര്‍ണറെ വിമര്‍ശിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഇപ്പോഴെന്തിന് വിവാദമാക്കുന്നു എന്നുമാണ് രാജ്ഭവന്‍റെ ചോദ്യം.
ഓഗസ്റ്റ് പതിനാലിന് വിഭജനഭീതി ദിനം ആചരിക്കണമെന്ന് കാട്ടി ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കിയത് രണ്ട് ദിവസം മുന്‍പാണ്. ഗവര്‍ണര്‍ പറയുന്ന ദിനാചരണമൊന്നും സംസ്ഥാനത്തെ കാമ്പസുകളില്‍ നടപ്പാവില്ലെന്ന് ഒടുവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി തുറന്നടിച്ചു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന ഈ നിലപാട് കോളജുകളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ നല്‍കിയ ഉത്തരവ് അതേമട്ടില്‍ പാലിക്കുമെന്ന് കാട്ടി സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലേക്ക് നിര്‍ദേശം കൈമാറിയതായി കെ.ടി.യു വൈസ് ചാന്‍സലര്‍ അറിയിച്ചു. കേരള, കണ്ണൂര്‍ വിസിമാരും കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഗവര്‍ണരുമായി ചര്‍ച്ചക്കിലെന്ന് വ്യക്തമാക്കിയ മന്ത്രി സര്‍ക്കാരിന്‍റെ നിലപാട് കടുപ്പിച്ചു. എസ്.എഫ്.ഐയും കെ.എസ്.യുവും ഭീതിദിനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ നാളെ എന്താവുമെന്ന ആകാംക്ഷയിലാണ് കാമ്പസുകള്‍.