സിനിമാസംഘടനകളുടെ തിരഞ്ഞെടുപ്പിൽ ഫിലിം ചേംബറിലും തമ്മിലടി. തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സജി നന്ത്യാട്ട് അംഗത്വം സംബന്ധിച്ച രേഖകളിൽ കൃത്രിമം നടത്തിയെന്ന് ഫിലിം ചേംബർ ആരോപിച്ചു. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കാതിരിക്കാൻ നാലഞ്ചുപേർ ഗൂഢാലോചന നടത്തിയെന്നും മത്സരിക്കുമെന്നും സജി നന്ത്യാട്ട് തിരിച്ചടിച്ചു.
27-നാണ് ഫിലിം ചേംബർ തിരഞ്ഞെടുപ്പ്. ഇന്നലെയാണ് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവെച്ചത്. എന്നാൽ സജിയുടെ അംഗത്വം ഭരണസമിതി റദ്ദാക്കുകയായിരുന്നുവെന്നാണ് ഫിലിം ചേംബർ വിശദീകരണം. വരുന്ന തിരഞ്ഞെടുപ്പിൽ ചേംബറിന്റെ പ്രസിഡന്റ് സ്ഥാനം സിനിമ വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷനാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷനിൽനിന്ന് ചേംബറിലേക്ക് അംഗത്വത്തിനായി രേഖകൾ സമർപ്പിച്ചിരുന്നു. ഇതിൽ കൃത്രിമം നടന്നുവെന്ന് നിർമാതാവായ മനോജ് റാംസിംഗ് ചേംബറിന് പരാതി നൽകിയിരുന്നു. ഈ പരാതി ശരിയാണെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സജി നന്ത്യാട്ടിന്റെ അംഗത്വം റദ്ദാക്കിയതിന് പിന്നാലെയാണ് രാജിയെന്നുമാണ് ചേംബർ നിലപാട്. എന്നാൽ ആരോപണം സജി നന്ത്യാട്ട് തള്ളി. അംഗത്വരേഖയിൽ പാർട്ണർ എന്നതിന് പ്രൊപ്രൈറ്റർ എന്ന് എഴുതിയതാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും ഏതെങ്കിലും വ്യക്തികൾ വെള്ളക്കടലാസിൽ പരാതി അയച്ചാൽ അയോഗ്യനാകുമോയെന്നും സജി നന്ത്യാട്ട് പ്രതികരിച്ചു.
അനിൽ തോമസ് ആണ് തനിക്കെതിരായ നീക്കത്തിനു പിന്നിൽ. സാന്ദ്ര തോമസിനെതിരെയും അനിൽ പ്രവർത്തിക്കുന്നുണ്ട്. തന്റെ കയ്യിൽ പല ബോംബും ഇരിപ്പുണ്ടെന്നും സംഘടന മോശമാകാതിരിക്കാനാണ് പുറത്തുവിടാത്തതെന്നും സജി നന്ത്യാട്ട് പറഞ്ഞു.