കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തില്‍ കൂരിയാട് ഉള്‍പ്പെടുന്ന ഭാഗത്ത് വന്‍ അഴിമതിയെന്ന് പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി. കൂരിയാട് കരാറെടുത്ത കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. സബ് കോണ്‍ട്രാക്റ്റ് നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നും ദേശീയപാത വികസനത്തില്‍ സി.എ.ജി ഓഡിറ്റ് നടത്തണമെന്നും കമ്മിറ്റി അധ്യക്ഷന്‍ കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Also Read: ദേശീയപാത ഇടിഞ്ഞതില്‍ കടുത്ത നടപടി; കരാര്‍ കമ്പനിക്ക് വിലക്ക്; 2 ഉദ്യോഗസ്ഥരെ പുറത്താക്കി


ദേശീയപാതയ്ക്കു വേണ്ടി കെട്ടിയുയർത്തിയ മൺതിട്ട നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നു വിദഗ്ധ സമിതി നേരത്തെ റിപ്പോർട്ട് നല്‍കിയിരുന്നു. ഈ മൺതിട്ടകളുടെ ശേഷി ഉറപ്പാക്കാനുള്ള കൃത്യമായ പരിശോധന (പുൾഔട്ട് ടെസ്റ്റ്) നടത്തിയിട്ടില്ലെന്നു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഏകദേശ ധാരണയുടെയും ഏറെ പഴക്കമുള്ള പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണു ബലപ്പെടുത്തിയ മൺതിട്ടകളുടെ (റീഇൻഫോഴ്സ്ഡ് എർത്ത് വാൾ) രൂപകൽപന തയാറാക്കിയത്. മണ്ണ് പാളികളായി അടുക്കി അതിനിടയിൽ പോളിമർ കൊണ്ടു നിർമിച്ച ജിയോസിന്തറ്റിക് റീഇൻഫോഴ്സ്മെന്റ് പാളികൾ വിരിച്ചാണു ഹൈവേ നിർമ്മാണത്തിനായി മൺതിട്ട ബലപ്പെടുത്തുന്നത്. എന്നാൽ ഇതിന്റെ ഉറപ്പു കൃത്യമായി പരിശോധിച്ചില്ല.

പലയിടങ്ങളിലും മൺതിട്ട നിർമ്മിച്ച സ്ഥലത്തെ മണ്ണിൽ ജലാംശത്തിന്റെ അളവ് 100 ശതമാനവും ഈർപ്പം 50 ശതമാനത്തിനും മുകളിലുമായിരുന്നു. ഇത്തരം സ്ഥലങ്ങളിൽ അടിത്തറയിലെ മണ്ണ് ബലപ്പെടുത്തിയാണു മൺതിട്ട നിർമ്മിക്കേണ്ടത്. എന്നാൽ ഇത്തരത്തിൽ ബലപ്പെടുത്തിയിട്ടില്ലെന്നു റിപ്പോർട്ടിലുണ്ട്.

കൂരിയാട്ട് ദേശീയപാത തകർന്നു വീഴാനുള്ള കാരണം അടിത്തറയിലെ മണ്ണിന്റെ ഘടന പരിശോധിക്കാതെയും ബലപ്പെടുത്താതെയും മൺതിട്ട കെട്ടിപ്പൊക്കിയതാണെന്ന് ഭൗമ സാങ്കേതിക വിദഗ്ധരുടെ സംഘം വിലയിരുത്തിയിരുന്നു. ആ നിഗമനങ്ങൾ എൻഎച്ച്എഐ സംഘവും ശരിവയ്ക്കുന്നു. എൻഎച്ചിനു വേണ്ടി മൺതിട്ടകൾ നിർമ്മിക്കുന്ന സ്ഥലങ്ങളിൽ അടിത്തറയിലെ മണ്ണ് ബലപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണു വിദഗ്ധ സംഘത്തിന്റെ നിർദേശം. 3 മീറ്ററിൽ കൂടുതൽ താഴ്ചയിൽ മണ്ണിന് അയവുണ്ടെങ്കിൽ ഉചിതമായ മാർഗങ്ങളിലൂടെ അതു ബലപ്പെടുത്തണമെന്നും നിർദേശമുണ്ട്.

ENGLISH SUMMARY:

PAC Alleges Major Corruption in National Highway Construction