ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി.വി. രാജേഷ് തിരുവനന്തപുരം മേയറായേയ്ക്കും. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം രാജേഷിന് അനുകൂലം. കോര്‍പറേഷനില്‍ കഴിഞ്ഞ കാലങ്ങളില്‍ രാജേഷ് നയിച്ച വിവിധ രാഷ്ട്രീയ സമരങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. ബി.ജെ.പി ജില്ലാ അധ്യക്ഷനെന്ന നിലയില്‍ രാജേഷിന്‍റെ അനുഭവസമ്പത്തും പ്രധാന ഘടകമാണ്.
അതേസമയം കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെ മാത്രമെ പ്രഖ്യാപനം ഉണ്ടാകൂ. രാജേഷ് അല്ലെങ്കില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്കാണ് സാധ്യത. ഡപ്യൂട്ടി മേയര്‍ സ്ഥാനം വനിതാ സംവരണമാണ്. ആര്‍. ശ്രീലേഖയെ മേയറാക്കുകയാണെങ്കില്‍ മേയറും ഡപ്യൂട്ടിമേയറും വനിതകളാകും. കഴിഞ്ഞതവണ പൂജപ്പുര വാര്‍ഡില്‍ നിന്ന് ജയിച്ച രാജേഷ് ഇത്തവണ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് ജയിച്ചത്. ശ്രീലേഖയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മല്‍സരിപ്പിക്കാനും ആലോചനയുണ്ട്.