തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. തദ്ദേശ ഫലത്തിന്റെ അടിസ്ഥാനത്തിൽ തലസ്ഥാനത്തെ നാല് മണ്ഡലങ്ങളിൽ പാർട്ടി വ്യക്തമായ മുന്നേറ്റം രേഖപ്പെടുത്തിയതായി വിലയിരുത്തുന്നു. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബിജെപി മുന്നിലുള്ളത്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കിയ ബിജെപി ക്യാമ്പിൽ ആത്മവിശ്വാസം പ്രകടമാണ്. തദ്ദേശ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഈ നാല് മണ്ഡലങ്ങളിലും ത്രികോണ മത്സരം ശക്തമാകുമെന്നാണ് വിലയിരുത്തൽ. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ മത്സരിക്കാനാണ് നിലവിലെ ധാരണ. തദ്ദേശത്തിൽ 17 വാർഡുകളിലാണ് ബിജെപി നേമത്ത് മുന്നിട്ടു നിൽക്കുന്നത്. കഴക്കൂട്ടത്ത് വി. മുരളീധരൻ സ്ഥാനാർത്ഥിയായേക്കും. 12 വാർഡുകളിൽ ബിജെപി മുന്നിലാണ്. വട്ടിയൂർക്കാവിൽ 11 വാർഡുകളിലാണ് ബിജെപി മുന്നേറ്റമുണ്ടാക്കിയത്. തിരുവനന്തപുരം മണ്ഡലത്തിൽ ഒരു വാർഡിൽ ബിജെപി മുന്നിട്ടുനിൽക്കുന്നുണ്ട്.

തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം ബിജെപിക്ക് ലഭിച്ചത് തലസ്ഥാനത്തെ പാർട്ടി പ്രവർത്തകർക്ക് വലിയ ആവേശം നൽകിയിട്ടുണ്ട്. കോവളം ഒഴികെയുള്ള കോർപ്പറേഷനിലെ നാല് മണ്ഡലങ്ങളിലും ബിജെപിയുടെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമാകും.  ഈ മണ്ഡലങ്ങളിൽ ഇനി യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പരമ്പരാഗത മത്സരത്തിനപ്പുറം ത്രികോണ പോരിന് കളമൊരുങ്ങാൻ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ മുന്നേറ്റം എൻഡിഎയ്ക്ക് മേൽക്കൈ നേടാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് നൽകുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഊർജ്ജം നിയമസഭാ തിരഞ്ഞെടുപ്പ് വരെ നിലനിർത്താനാണ് മുന്നണികളെല്ലാം ശ്രമിക്കുന്നത്. വെറും മൂന്ന് മാസത്തിൽ താഴെ മാത്രം സമയം ബാക്കിയുള്ളതിനാൽ പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ മുന്നണികൾ എല്ലാം തന്നെ വേഗത്തിലാക്കിയിരിക്കുകയാണ്.

ENGLISH SUMMARY:

Kerala Assembly Elections 2024 are approaching, and BJP is trying to capitalize on their local body election success. The party is focusing on key constituencies in Thiruvananthapuram to strengthen its position for the upcoming elections.