കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കടുത്ത നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്തു. കണ്‍സള്‍ട്ടെന്‍റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തി. ഇരു കമ്പനികള്‍ക്കും തുടര്‍കരാറുകളില്‍ പങ്കെടുക്കാനാവില്ല. രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി. പ്രോജക്ട് മാനേജര്‍ എം. അമര്‍നാഥ് റെഡ്ഡിയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. ടീം ലീഡര്‍ ഒാഫ് കൺസൽറ്റന്‍റ് രാജ്കുമാറിനും സസ്പെന്‍ഷന്‍. ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കേരളത്തിലെ മറ്റ് പദ്ധതികളില്‍ വീഴ്ച ഒഴിവാക്കാന്‍ വേണ്ട നിര്‍ദേശങ്ങളും സമര്‍പ്പിക്കും
അതേസമയം, ദേശീയപാത നിർമ്മാണത്തിലെ വീഴ്ച പരിശോധിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ച് കേന്ദ്രസർക്കാർ. ഡൽഹി ഐ ഐ ടി പ്രൊഫ. കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷയം പരിശോധിക്കുക. അന്വേഷണത്തിനായി സംഘം ഉടൻ കേരളത്തിൽ എത്തും. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു. മറ്റ് എം പിമാരും കേന്ദ്രമന്ത്രിയോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. അന്വേഷ കമ്മിറ്റി രൂപീകരിച്ച് വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കരാറുകാരെ വിലക്കുമെന്നും മന്ത്രി എംപിമാർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ കണ്ണൂര്‍ കുപ്പത്ത് ഡിപിആറില്‍ അപാകതയുണ്ടെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി. ജനങ്ങളുടെ ആശങ്ക പരിഹരിക്കും, വെള്ളം വഴിതിരിച്ചുവിടാനുള്ള സാധ്യത പരിശോധിക്കും. മണ്ണിടിച്ചിലുണ്ടെങ്കിലും അപകട ഭീഷണിയില്ലെന്ന് റെസിഡന്റ് എന്‍ജിനീയര്‍ മനോജ് കുമാര്‍ പറഞ്ഞു.
ദേശീയപാത നിര്‍മ്മാണത്തിലെ വീഴ്ചയില്‍ ഗുരുതര ആരോപണവുമായി സുരേഷ് ഗോപി. ഡിപിആര്‍ മാറ്റിമറിക്കപ്പെട്ടെന്ന് സുരേഷ് ഗോപി. ഇത് ആര്‍ക്കുവേണ്ടിയാണെന്ന് അന്വേഷിക്കണം. പ്രീണനത്തിന്‍റെ ഭാഗമായി തിരുത്തലുകളുണ്ടായെന്നും കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.