തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി എയർ ഇന്ത്യ. ആദ്യ ലാന്‍ഡിങ് ഒഴിവാക്കിയത് എടിസി നിര്‍ദേശപ്രകാരമാണെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഇത്തരം സാഹചര്യം നേരിടാന്‍ പൈലറ്റുമാര്‍ സജ്ജമാണെന്നും അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വിശദീകരിക്കുന്നു.
വൈകിട്ട് 7.50നു പുറപ്പെട്ട വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്. വിമാനത്തിന്റെ റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചതാണ് അടിയന്തര ലാൻഡിങ്ങിലേക്ക് നയിച്ചതെന്നാണ് വിവരം. അഞ്ച് എംപിമാരടക്കം ഈ വിമാനത്തിലുണ്ടായിരുന്നു. മലയാളി എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധകൃഷ്ണൻ, തിരുനൽവേലി എംപി, സി. റോബേർട്ട് ബ്രൂസ് എന്നിവരും വിമാനത്തിൽ ഉണ്ടായിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് സംഭവത്തിലുണ്ടായതെന്ന് കെ.സി. വേണുഗോപാൽ വ്യോമയാന മന്ത്രാലയം ഡയറക്ടർ ജനറലിനെ വിളിച്ചറിയിച്ചു. ഇതിനിടെ റണ്‍വേയില്‍ മറ്റൊരു വിമാനമുണ്ടായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നു. എന്നാല്‍ ഇത് എയര്‍ ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.