sukumaran-farmer

കാടിറങ്ങി വരുന്നവരുടെ കാൽക്കീഴിൽ സകലതും തരിപ്പണമായ സാധാരണക്കാരന് എങ്ങനെ സഹായം നൽകാതിരിക്കാം എന്ന ഗവേഷണത്തിലാണ് വനം വകുപ്പ്. കർഷകനായ തിരുവനന്തപുരം വിതുരയിലെ സുകുമാരനോട് രണ്ട് വർഷമായി വനം വകുപ്പ് പറയുന്ന ന്യായം വെള്ളം തേടിയുള്ള വരവിനിടെ കാട്ടാനയെ ആകർഷിക്കാനുള്ള വിളകൾ നട്ട് പരിപാലിച്ചത് തെറ്റായിപ്പോയെന്നാണ്. തെങ്ങും കവുങ്ങും കസ്തൂരി മഞ്ഞളും വാഴയും നഷ്‌ടപ്പെട്ട സുകുമാരന് സഹായവും കിട്ടിയില്ല പിന്നീട് നിരവധി പരിഹാസവും നേരിടേണ്ടി വന്നു. 

അപ്പനപ്പൂപന്മാർ നട്ടു നനച്ച മണ്ണ് അതേ മട്ടിൽ വെള്ളം തേവിയും വിത്തെറിഞ്ഞും പരിപാലിച്ചതാണ് സുകുമാരൻ ചെയ്ത തെറ്റ്. ഈ വഴിയിലൂടെ കാട്ടാന വെള്ളം കുടിക്കാൻ വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കൃഷിയെന്ന സാഹസത്തിന് മുതിരില്ലായിരുന്നു. മികച്ച കർഷകനെന്ന് പേരെടുത്ത സുകുമാരൻ ഒരു ദിവസം രാവിലെ നോക്കുമ്പോൾ തലയെടുപ്പോടെ വിളകളുണ്ടായിരുന്നിടത്ത് തായ് വേര് മാത്രം ബാക്കി. പാതി മനസോടെ സഹായം തേടിയുള്ള അപേക്ഷയുമായി എത്തിയപ്പോൾ വനം വകുപ്പിന്‍റെ പരിഹാസ ചോദ്യം കൃഷി വേണ്ടെന്ന തീരുമാനത്തിലെത്തിച്ചു. 

രണ്ട് വർഷമായി കാത്തിരിക്കുന്നു. ഒരു സഹായവും കിട്ടിയില്ല. യാത്രാച്ചെലവെങ്കിലും ലാഭിക്കാമല്ലോ എന്ന് കരുതി അന്വേഷിക്കാനുള്ള യാത്രയും അവസാനിപ്പിച്ചു. കർഷകനായിരുന്നയാൾ എങ്ങനെ കൃഷി ഉപേക്ഷിച്ചുവെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തിരക്കിയതേയില്ല. കാരണം നട്ട് നനച്ചാൽപ്പിന്നെ അവരുടെ ഉത്തരവാദിത്തം കഴിഞ്ഞു. പണം അനുവദിക്കാതെ വനം വകുപ്പും സഹായിക്കുമ്പോൾ വന്യമൃഗങ്ങള്‍ കാടിറങ്ങരുതെന്ന് ആഗ്രഹിക്കാനേ ഇവര്‍‍ക്കാവൂ. 

ENGLISH SUMMARY:

Wildlife damage compensation in Kerala is critically needed for farmers affected by wild animal attacks. The Kerala Forest Department's failure to provide adequate assistance to farmers facing crop loss due to wildlife incursions highlights a systemic issue requiring immediate attention and policy changes.