അധ്യാപികയുടെ ശമ്പളക്കുടിശ്ശിക കിട്ടാത്തതിന് ഭര്‍ത്താവ് ജീവനൊടുക്കിയ വിഷയത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് ഹൈക്കോടതി സ്റ്റേ. അധ്യാപികയുടെ ഹര്‍ജിയിലാണ് നടപടി. അതേസമയം സസ്പെന്‍ഷനിലുള്ള ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ പി.എ.ഫിറോസിനെതിരെ കൂടുതല്‍ കടുത്ത നടപടി വന്നേക്കാം.

12 വർഷത്തെ ശമ്പളക്കുടിശ്ശിക നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയത്. സസ്പെൻഷന് വിസമ്മതിച്ച സ്കൂൾ മാനേജർ പ്രധാനാധ്യാപികയുടെ വിശദീകരണം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്നും ഉടൻ നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മറുപടി വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതും സ്റ്റേ വന്നതും.

മന്ത്രി പറഞ്ഞിട്ടുപോലും കുടിശ്ശിക നൽകാഞ്ഞതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മൂന്ന് ജീവനക്കാർ സസ്പെൻഷനിലാണ്. ഓഫീസിലെ പി.എ.ആയ ഫിറോസാണ് ബോധപൂർവം ഫയലുകൾ പൂഴ്ത്തി കോടതി ഉത്തരവും സർക്കാർ നിർദ്ദേശവും ലംഘിച്ചത്. 

കുടിശ്ശിക മൂന്നു മാസത്തിനകം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഉദ്യോഗസ്ഥർ ലംഘിച്ചതോടെ സർക്കാരും മറുപടി നൽകേണ്ട സ്ഥിതിയാണ്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ പരാതികൾ ഉള്ളതായാണ് വിവരം. സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്‍റെ ശമ്പളക്കുടിശ്ശിക വൈകിയതോടെ ഭർത്താവ് നാറാണംമൂഴി സ്വദേശി ഷിജോയാണ് കഴിഞ്ഞ ഞായറാഴ്ച തൂങ്ങിമരിച്ചത്.

ENGLISH SUMMARY:

Teacher salary arrears case sees a high court stay on the suspension of the school principal. The case involves delayed salary payments and a resulting tragic suicide, highlighting issues within the education department.