rain-kerala-today

വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂരും കാസര്‍കോട്ടും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. അതേസമയം കണ്ണൂരില്‍ സ്കൂളുകള്‍ക്ക് മാത്രമാണ് അവധി ബാധകം. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കടല്‍പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടണ്ട്. 

എറണാകുളം ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം. മലയോര മേഖലയില്‍ ചാറ്റല്‍ മഴ തുടരുന്നുണ്ടെങ്കിലും മഴക്കെടുതികള്‍  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ പെയ്ത കനത്ത മഴയില്‍ കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലും തൃപ്പൂണിത്തുറ മേഖലയിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ ഡീ വാട്ടറിങ് പമ്പുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.  മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍  ഉയര്‍ത്തേണ്ടതായി വന്നാല്‍ തൊടുപുഴയാറിലേയും മൂവാറ്റുപുഴയാറിലേയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.  

ENGLISH SUMMARY:

Kerala faces extreme rain: Red Alert in Kannur & Kasaragod, holidays in Thrissur, Kannur, Kasaragod. IMD warns fishermen, Kochi tackles waterlogging. Stay updated on Kerala weather.