കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ബാബുവിന്‍റെ മരണത്തിലെ കുറ്റപത്രത്തില്‍ വിശ്വാസമില്ലെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം ഹര്‍ജി നല്‍കി. പെട്രോള്‍ പമ്പിന്‍റെ ബെനാമി ഇടപാടുകളും ഫോണ്‍ റെക്കോര്‍ഡുകളും അടക്കം പരിശോധിച്ചില്ലെന്നും ഭാര്യയുടെ ഹര്‍ജിയില്‍ പറയുന്നു. കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഹര്‍ജി ഈമാസം പതിനാറിന് പരിഗണിക്കും.
അന്തിമ റിപ്പോര്‍ട്ടില്‍ ഗുരുതരവീഴ്ചകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി 18 ആവശ്യങ്ങളാണ് കുടുംബം ഹര്‍ജിയില്‍ പറയുന്നത്. നവീന്‍ബാബുവിനെ കൈക്കൂലിക്കാരനാക്കാന്‍ പ്രതിഭാഗം ശ്രമിച്ചു. പരാതിക്കാരന്‍റെ പ്രശാന്തന്‍റെ മൊഴി കള്ളമെന്ന് തെളിയിക്കാന്‍ അന്വേഷണം സംഘം ശ്രമിച്ചില്ല. ബാങ്ക് വിവരങ്ങളോ ഫോണ്‍വിവരങ്ങളോ പരിശോധിച്ചില്ല. പമ്പിന്‍റെ യഥാര്‍ഥ അപേക്ഷകനെ കണ്ടെത്തിയില്ല. സാക്ഷിയായ കലക്ടറുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ട്. ഒരു കുറ്റസമ്മതവും നടത്താനുള്ള അടുപ്പം നവീന്‍ ബാബുവിന് കലക്ടറുമായില്ല. മന്ത്രി കെ രാജന്‍റെ മൊഴിയെടുത്തില്ല. നവീന്‍ ബാബു കൈക്കൂലിവാങ്ങിയിട്ടില്ലെന്ന സര്‍ക്കാര്‍ അന്വേഷണ സംഘം കണ്ടെത്തല്‍ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടിൽ ഒഴിവാക്കി എന്നിങ്ങനെ നീളുന്നു ഹര്‍ജിയില്‍ കുടുംബം പറയുന്ന കാര്യങ്ങള്‍.
സിസിടിവികളിൽ എഡിറ്റിങ്ങുണ്ട്, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പരിഗണിച്ചില്ല, പ്രതി പി.പി.ദിവ്യയുടെ ഫോണ്‍ചാറ്റുകള്‍ പരിശോധിച്ചില്ല. ആവശ്യമായ സിഡിആര്‍ വിവരങ്ങള്‍ ശേഖരിക്കാതെയാണ് തിടുക്കപ്പെട്ടുള്ള റിപ്പോര്‍ട്ട്. നീതി ഉറപ്പാക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ചേര്‍ത്ത് പുനരന്വേഷണം നടത്തണം എന്നും ഹര്‍ജിയില്‍ കുടുംബം ആവശ്യപ്പെടുന്നു.