സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ വ്യാപകമായ വെള്ളക്കെട്ടും മറ്റ് മഴക്കെടുതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയിൽ എറണാകുളം ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. പേട്ടയില്‍ വെള്ളക്കെട്ട് രൂക്ഷം. പേട്ട-മരട് റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി. പേട്ടയില്‍ കാര്‍ കാനയില്‍ വീണു. തോപ്പുംപടി സ്വദേശിയായ ടാക്സി ഡ്രൈവറാണ് അപകടത്തില്‍പ്പെട്ടത്
തൃശൂർ, പാലക്കാട് ജില്ലകളിലും ശക്തമായ മഴയാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ സാരമായി ബാധിച്ചു. മലയോരമേഖലകളിലും മഴ തുടരുന്നു. പാലക്കാട് അലനല്ലൂരിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. അലനല്ലൂർ-എടത്തനാട്ടുകര കണ്ണംകുണ്ട് പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മണ്ണാർക്കാട് തെങ്കര കോൽപ്പാടം ക്രോസ് വേയും വെള്ളത്തിൽ മുങ്ങി. കുന്തിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.
സംസ്ഥാനത്ത് മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്:
റെഡ് അലർട്ട്: ഇടുക്കി, എറണാകുളം, തൃശൂർ
ഓറഞ്ച് അലർട്ട്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം
യെലോ അലർട്ട്: മറ്റ് ആറ് ജില്ലകളിൽ
പത്തനംതിട്ടയിലെ കക്കി ഡാം ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഈ തീരുമാനം. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.