baby-on-actress-verdict

നടി ആക്രമണക്കേസിലെ കോടതി വിധിയില്‍ പൊതുസമൂഹത്തിന് വലിയ ആവലാതിയുണ്ടെന്ന് എം.എ.ബേബി. സാമാന്യനീതിയെ അട്ടിമറിക്കുന്ന വിധി വന്നുവെന്നാണ് ജനങ്ങള്‍ കരുതുന്നത്. നാട് പ്രതീക്ഷിക്കുന്ന നീതിബോധം കോടതിയില്‍ നിന്നുണ്ടാകുന്നില്ലെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും സര്‍ക്കാര്‍ പോകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. സര്‍ക്കാരിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് അപ്പീല്‍ പോകുന്നതെന്നുള്ള യുഡിഎഫ് കണ്‍വീനറുടെ വാക്കുകള്‍ കോണ്‍ഗ്രസിന്‍റെ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ അല്‍പ്പസമയത്തിനകം അറിയാം. 

അതേസമയം, ചലച്ചിത്ര പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടതുസഹയാത്രികനും സംവിധായകനുമാ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ നടപടിക്ക് കാലതാമസം ഉണ്ടായിട്ടില്ലെന്നും ബേബി അവകാശപ്പെട്ടു. നടപടിക്ക് വേണ്ട സമയം മാത്രമേ സര്‍ക്കാര്‍ എടുത്തിട്ടുള്ളൂ. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എന്തും പറയാമെന്നും അദ്ദേഹം പറഞ്ഞു. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ കാലതാമസം ഉണ്ടായതായി ഗുരുതര ആക്ഷേപം ഉയര്‍ന്നിരുന്നു. തനിക്കുണ്ടായ മോശം അനുഭവം ചലച്ചിത്ര അക്കാദമിയെ അറിയിച്ച ശേഷമാണ് സംവിധായിക കൂടിയായ യുവതി നവംബര്‍ 27ന് മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചത്.  ഈ പരാതിയില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കേസെടുത്തതാവട്ടെ ഡിസംബര്‍ രണ്ടിനും. 

ഐഎഫ്എഫ്കെയ്ക്കായുള്ള മലയാളം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതിനായുള്ള യോഗത്തില്‍ പങ്കെടുക്കുന്നതിനായി അക്കാദമിയുടെ അതിഥികളായാണ് സംവിധായിക നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഇതേ ഹോട്ടലില്‍ പി.ടി.കുഞ്ഞുമുഹമ്മദും ഉണ്ടായിരുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് സമ്മതമില്ലാതെ തന്‍റെ ശരീരത്തില്‍ പി.ടി.കുഞ്ഞുമുഹമ്മദ് കടന്നു പിടിച്ചെന്നും അതിക്രമം നടത്തിയെന്നുമാണ് പരാതി. പരാതിയെ തുടര്‍ന്ന്  പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചപ്പോള്‍ ഇരുവരും പ്രസ്തുത സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.

ENGLISH SUMMARY:

M. A. Baby stated that the general public has major grievances regarding the court verdict in the actress assault case, believing it "undermined common justice." He affirmed that the government would go to any extent to ensure justice for the survivor. Baby also refuted the UDF Convenor's comment that the government was appealing the verdict because it had "nothing else to do," calling it the stance of the Congress party. Regarding the sexual harassment complaint against CPI(M) fellow traveler and filmmaker P. T. Kunhumuhammed, Baby claimed there was no delay in action