പ്രാര്‍ഥനയോടെയാണ് തടവിലാക്കപ്പെട്ട കന്യാസ്ത്രീമാരായ സി. പ്രീതി മേരിയുടെയും, സി. വന്ദനയുടെയും കുടുംബം ജാമ്യവാര്‍ത്ത കേട്ടത്. തങ്ങള്‍ ദിവസങ്ങളായി കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്ത തേടിയെത്തിയതോടെ നന്ദി പറഞ്ഞും മധുരം പങ്കിട്ടുമാണ് ഇരുകുടുംബങ്ങളും ആഹ്ലാദം പങ്കുവച്ചത്.
എട്ടുനാള്‍ നീണ്ട ഭീതിയ്ക്കും ആശങ്കകള്‍ക്കും ഒടുവില്‍ സിസ്റ്റര്‍ പ്രീതി മേരിയുടെ അങ്കമാലി എളവൂരിലെ വീട്ടിലേക്ക് ആ ആശ്വാസ വാര്‍ത്തയെത്തി...നിറകണ്ണുകളോടെയാണ് സിസ്റ്റര്‍ പ്രീതി മേരിയുടെ മാതാപിതാക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട മകള്‍ക്ക് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്ത കേട്ടത്.
സഹായിച്ചവര്‍ക്കും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും കുടുംബം നന്ദി അറിയിച്ചു. കാത്തിരുന്ന ജാമ്യവാര്‍ത്ത അറിഞ്ഞതോടെ കണ്ണൂര്‍ ഉദയഗിരിയിലെ സിസ്റ്റര്‍ വന്ദനയുടെ വീട്ടിലും സന്തോഷം തിരതല്ലി. സി. പ്രീതി മേരിയും, സി. വന്ദനയും അംഗങ്ങളായ എഎസ്എംഐ സഭയുടെ ചേര്‍ത്ത മതിലകത്തെ ആസ്ഥാനത്ത് മധുരം നല്‍കിയാണ് സന്തോഷം പങ്കുവച്ചത്.