സാഹിത്യകാരനും അധ്യാപകനും വാഗ്മിയുമെന്നിങ്ങനെ മലയാള സാംസ്കാരിക ലോകത്തെ മഹാപ്രതിഭയായിരുന്ന എം.കെ.സാനു (98) അന്തരിച്ചു. വീണ് പരുക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം.
ദീര്‍ഘകാലം കോളജ് അധ്യാപകനായിരുന്നു. കേരള നിയമസഭാംഗമായിരുന്നു. 1927 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളി മംഗലത്താണ് സാനുമാസ്റ്റര്‍ എന്ന് മലയാളം പ്രിയത്തോടെ വിളിച്ച എം.കെ.സാനു ജനിച്ചത്. കണ്ടയാശാൻ സ്കൂളിൽ പ്രാഥമിക പഠനം. ആലപ്പുഴയിലെ ലിയോ 13 സ്കൂൾ, എസ്.ഡി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ ഉപരിപഠനവും പൂര്‍ത്തിയാക്കി. കൊല്ലം എസ്.എൻ. കോളേജിൽ ലക്ചററായി ഔദ്യോഗിക ജീവിതമാരംഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നു വിരമിച്ചു.
വയലാർ അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ അവാർഡ് മുതലായ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ്, കേരളസാഹിത്യ അക്കാദമി പ്രസിഡന്റ്, സാഹിത്യപ്രവർത്തക സഹകരണസംഘം ഡയറക്ടർ ബോർഡംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ, സമസ്ത കേരള സാഹിത്യപരിഷത്ത് എന്നിവയിൽ നിർവ്വാഹകസമിതി അംഗം, കുങ്കുമം വാരിക മുഖ്യപത്രാധിപർ, എം.ജി. യൂണിവേഴ്സിറ്റിയുടെ ശ്രീനാരായണ ചെയറിന്റെ ഡയറക്ടർ, വയലാർ രാമവർമ്മ ട്രസ്റ്റിന്റെ ചെയർമാൻ, ഭാരതീയ വിദ്യാഭവൻ വൈസ് ചെയർമാൻ, എറണാകുളം കാൻസർ സർവ്വീസ് സൊസൈറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കാറ്റുംവെളിച്ചവും, ചക്രവാളം, ചുമരിലെ ചിത്രങ്ങൾ, മണ്ണിനു മണ്ണിന്റെ ഗുണം, പ്രഭാത ദർശനം, രാജവീഥി, അനുഭൂതിയുടെ നിറങ്ങൾ, അവധാരണം, അതിർവരമ്പുകളില്ലാതെ, ഉന്നതാത്മാക്കളുടെ ജീവരക്തം, അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്, വിമർശനത്തിലെ രാജശിൽപ്പി, അസ്തമിക്കാത്ത വെളിച്ചം, നാരായണ ഗുരുസ്വാമി, സഹോദരൻ കെ. അയ്യപ്പൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള : നക്ഷത്രങ്ങളുടെ സ്നേഹഭാജനം, എം. ഗോവിന്ദൻ, യുക്തിവാദി എം.സി. ജോസഫ്, ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ, മൃത്യുഞ്ജയം, കാവ്യജീവിതം, പാർവ്വതിയമ്മ : അശരണരുടെ അമ്മ, കുമാരനാശാൻ, കെ.സി. മാമ്മൻ മാപ്പിള, പി.കെ. ബാലകൃഷ്ണൻ, ചാവറ കുര്യാക്കോസ് ഏലിയാസ് : ജീവിതം തന്നെ സന്ദേശം, അയ്യപ്പപണിക്കരും അയ്യപ്പപ്പണിക്കരും, എന്റെ വഴിയമ്പലങ്ങൾ, ശ്രീനാരായണ സന്ദേശം, എത്രശോകമയം ലോകം, തുറന്നജാലകം, തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ, താഴ്‌വരയിലെ സന്ധ്യ, ഇവർ ലോകത്തെ സ്നേഹിച്ചവർ, അർഥരുചി, കർമ്മഗതി, അഞ്ചു ശാസ്ത്ര നായകന്മാർ, വിശ്വാസത്തിലേക്ക് വീണ്ടും, അമേരിക്കൻ സാഹിത്യം ഗൈഡ്, അനുഭവങ്ങൾ പ്രത്യാശകൾ, കുമാരനാശാന്റെ കാവ്യപ്രപഞ്ചം, സഹോദര സപ്തതി, ബഷീർ: വർത്തമാനത്തിന്റെ ഭാവി, പദ്യകൃതികൾ, നാടകവിചാരം, വിമർശനവും വിമർശകരും,ശ്രീനാരായണഗുരുദേവൻ, ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ (ബാലസാഹിത്യം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇതില്‍ , നാരായണഗുരുസ്വാമി, ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം, സഹോദരൻ കെ. അയ്യപ്പൻ, ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ, ഡോ. പി. പല്പു, എം. ഗോവിന്ദൻ, വൈലോപ്പിള്ളി, മൃത്യുഞ്ജയം കാവ്യജീവിതം, പി.കെ. ബാലകൃഷ്ണൻ മുതലായ പതിനഞ്ചു ജീവചരിത്രങ്ങളുടെ കർത്താവാണ്. കാവ്യതത്ത്വപ്രവേശിക, അശാന്തിയിൽനിന്നു ശാന്തിയിലേക്ക്, രാജവീഥി, അവധാരണം, അർഥരുചി, ഉന്നതാത്മാക്കളുടെ ജീവരക്തം, അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും തുടങ്ങിയവയാണ് വിമർശനഗ്രന്ഥങ്ങൾ.