നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ രണ്ട് ജീവനക്കാർ ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. സ്ഥാപനത്തിലെ വനിതാ ജീവനക്കാരായ വിനീത, ദിവ്യ, രാധകുമാരി എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നത്. ഈ കേസിൽ തിരുവനന്തപുരം കോടതി ഇവരുടെ മുൻകൂർ ജാമ്യഹർജി തള്ളിയിരുന്നു. ജീവനക്കാർ പണം തട്ടിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്ഥാപനത്തിൽ നിന്ന് 63 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ജീവനക്കാരായ വിനീത, ദിവ്യ, രാധകുമാരി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. 2024 ജനുവരി മുതൽ ഈ വർഷം മെയ് വരെയുള്ള അക്കൗണ്ട് വിവരങ്ങളാണ് പരിശോധിച്ചത്. ഈ കാലയളവിൽ 63 ലക്ഷം രൂപ ഇവരുടെ അക്കൗണ്ടുകളിലേക്ക് എത്തുകയും, അതിൽ ഭൂരിഭാഗം തുകയും പിൻവലിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദിയ കൃഷ്ണയുടെ ഫാൻസി ആഭരണക്കടയിലെ ജീവനക്കാരായിരുന്ന ഇവരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ ഒളിവിൽ പോവുകയായിരുന്നു. കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഇവർക്ക് ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങേണ്ടി വന്നത്. കേസിന്‍റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.