കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ എടുക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ച ഇന്‍ഫ്ളുവന്‍സറും സംരംഭകയുമായ ദിയ കൃഷ്ണക്കെതിരെ വിമര്‍ശനം കടുക്കുന്നു. വാക്സിനേഷൻ എടുത്ത കുഞ്ഞുങ്ങൾക്ക് ക്രോണിക് ആയ അസുഖങ്ങൾ വരാൻ സാധ്യത കൂടുതാലാണെന്ന് പതിമൂന്നോളം പഠനങ്ങൾ പറയുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോയാണ് ദിയ കൃഷ്ണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. പിന്നാലെ താരത്തിനെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നു.
ദിയക്ക് സയന്‍സില്‍ വിശ്വാസമില്ലെങ്കിലും സ്വന്തം കുഞ്ഞിന് വാക്സിന്‍ എടുത്തിരിക്കും എന്നാണ് ഒരു വിമര്‍ശനം. ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങള്‍ പങ്കുവക്കുന്നതിന് മുന്‍പ് ഒരു തവണ പോലും ചിന്തിക്കില്ലേ എന്നും ചോദ്യം ഉയര്‍ന്നു. ചാണകം മരുന്നാണെന്ന് പറയുന്നയാളുടെ മകളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനെന്നും വിമര്‍ശനം. അതേസമയം മുന്‍പ് സ്വന്തം കുഞ്ഞിന് വാക്സിന്‍ എടുക്കാനായി ആശുപത്രിയില്‍ കൊണ്ടുപോയ ദിയയുടെ വിഡിയോയും യൂട്യൂബ് ചാനലില്‍ നിന്നും ചിലര്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നു.
നേരത്തെ യൂട്യൂബിൽ പങ്കുവയ്ക്കുന്ന വിഡിയോയിൽ കുഞ്ഞിനെ വളർത്തുന്നതിനെ പറ്റി ഉപദേശം തരുന്നവർക്കെതിരെ ദിയ കൃഷ്ണ രംഗത്തുവന്നിരുന്നു. എല്ലാ വീടുകളിലും പല രീതിയിലാകും കുഞ്ഞുങ്ങളെ വളർത്തുന്നത്. മറ്റുള്ളവർ വളർത്തുന്നത് പോലെയാവില്ല താൻ കുഞ്ഞുങ്ങളെ വളർത്തുന്നതെന്നായിരുന്നു ദിയയുടെ മറുപടി. ഞങ്ങൾ ഞങ്ങളുടെ വീട്ടിലെ സാഹചര്യത്തിനും രീതികൾക്കും അനുസരിച്ചാണ് കുഞ്ഞിനെ വളർത്തുന്നത്. എല്ലാറ്റിനും ഉപരിയായി ഇത് എന്റെ കുഞ്ഞാണ്. എന്റെ വയറ്റിൽ നിന്നാണ് അവൻ പുറത്തേക്ക് വന്നത്. അതുകൊണ്ട് തന്നെ അവന്റെ ഇഷ്ടാനിഷ്ടങ്ങൾ അടക്കം എല്ലാം എനിക്ക് അറിയാം. ഒരു പരിധി വിട്ട് എനിക്ക് കുഞ്ഞിനെ നോക്കാൻ ഉപദേശങ്ങൾ തരുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അന്ന് വ്ലോഗിലൂടെ ദിയ കൃഷ്ണ പറഞ്ഞിരുന്നു.