fever-cases-spike-ernakulam-kerala

TOPICS COVERED

ഒരു മാസത്തിനിടെ എറണാകുളം ജില്ലയിൽ പനിബാധിച്ച് മരിച്ചത് 12 പേർ.ഇതിൽ ഏഴുപേർ മരിച്ചത് എലിപ്പനി മൂലം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 5,718 പേർ പനിക്ക് ചികിത്സ തേടി.

മഴ വീണ്ടും കനത്തതോടെ ജില്ലയിൽ പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായത് വലിയ വർധന.ജൂലൈ മാസത്തിൽ മാത്രം ഇരുപതിനായിരത്തിലധികം ആളുകൾ പനിക്കിടക്കയിലായി. ‍30 ദിവസത്തിനിടെ 12 പേർ പനി ബാധിച്ചു മരിച്ചു. എലിപ്പനി ബാധിച്ച് ഏഴു മരണം. ഡെങ്കിപ്പനിയും ഹെപ്പറ്റൈറ്റിസ് എയും ബാധിച്ച് നാലു മരണവും റിപ്പോർട്ട് ചെയ്തു.

ജില്ലയുടെ മലയോര മേഖലയിലാണ് കൂടുതൽ മരണം. പതിനൊന്നാം തീയതി മുതൽ പതിനാലാം തീയതി വരെ എലിപ്പനി ബാധിച്ചു മരിച്ചത് ആറുപേർ. അങ്കമാലി അയ്യമ്പുഴയിൽ വൈറൽ പനി ബാധിച്ച് 12 വയസ്സുകാരിയും മരിച്ചു.സംസ്ഥാനത്തെ പനിമരണങ്ങളിൽ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിൽ നിന്നാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.പനിക്ക് ചികിത്സ തേടി വൈകുന്നേരങ്ങളിൽ കാഷ്വാലിറ്റിയിൽ എത്തുന്നവരുടെ തിരക്കാണ് ആശുപത്രികളിൽ. 

പനി ബാധിച്ച വിദ്യാർഥികളുടെ എണ്ണം കൂടിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ട്. വിദ്യാർഥികൾക്ക് എച്ച്.വൺ.എൻ.വണ്ണും ചിക്കൻപോക്സും സ്ഥിരീകരിച്ചതിനെത്തുടർന്ന് കുസാറ്റിൽ ഓഗസ്റ്റ് അഞ്ചുവരെ റെഗുലർ ക്ലാസുകൾ ഒഴിവാക്കി ഓൺലൈൻ ക്ലാസുകൾ നടത്തും. ആലുവ യുസി കോളേജിലും റെഗുലർ ക്ലാസുകൾ ഒഴിവാക്കി ഓൺലൈൻ ക്ലാസുകൾ ആക്കിയിരുന്നു. 

ENGLISH SUMMARY:

In the past month, 12 people have died from fever in Ernakulam district, with seven of those deaths attributed to leptospirosis. In just the last week, 5,718 people sought treatment for fever in the district.