ചൂരല്‍മല ടൗണ്‍ഷിപ്പിന്‍റെ ഭാഗമായി നിര്‍മിക്കുന്ന വീടൊന്നിന് എത്ര രൂപയാണ് ചെലവ് എന്നതില്‍ വ്യക്തത വരുത്താതെ സര്‍ക്കാര്‍. വീടിനുള്ള സ്പോണ്‍സര്‍ഷിപ്പ് തുക 20 ലക്ഷമാണെന്നിരിക്കെ നിര്‍മാണ ചെലവ് 30 ലക്ഷത്തിലേക്ക് എത്തിയതില്‍ പ്രതിപക്ഷവും ചോദ്യങ്ങളുമായി രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിലും മാതൃകാവീട് ചൂടേറിയ തര്‍ക്ക വിഷയമാണ്.
നാട്ടുനടപ്പ് അനുസരിച്ച് ആയിരം സ്ക്വയര്‍ഫീറ്റ് വീടിന് പരമാവധി 20 ലക്ഷം രൂപയേ ആകൂ എന്നായിരുന്നു വി.ടി.ബല്‍റാമിന്‍റെ പോസ്റ്റ്. 30 ലക്ഷം രൂപയെന്ന കണക്ക് റവന്യൂമന്ത്രി തന്നെ വിശദീകരിക്കണം. 15 ലക്ഷത്തിന് പണിയാവുന്ന വീടല്ലേ ഇതെന്ന് സമാനമായ മറ്റു പല വീടുകള്‍ ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ ആളുകള്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന നിര്‍മാണത്തിന് ചെലവ് വരും എന്ന് പരിഹാസങ്ങളും നിറയുന്നുണ്ട്.
410 വീടുകള്‍ ഉള്‍പ്പെടുന്ന ടൗണ്‍ഷിപ്പിന് 299 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുക. ഇതില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ഒരു വീടിന് എത്ര രൂപയുടെ എസ്റ്റിമേറ്റാണ് നല്‍കിയതെന്ന കൃത്യമായ കണക്ക് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതാണ് അവ്യക്തതയ്ക്ക് ഇടയാക്കുന്നത്. വീടുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ 20 ലക്ഷം നല്‍കിയാല്‍ മതിയെന്നും ബാക്കി ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും പറയുമ്പോള്‍ യാഥാര്‍ഥ തുക അറിയാന്‍ പൊതുസമൂഹത്തിനും താത്പര്യമുണ്ട്.