ഉരുൾ ദുരന്തബാധിതർക്കായി വയനാട് കൽപ്പറ്റയിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിന്‍റെ ക്രഡിറ്റിനെ ചൊല്ലി കോൺഗ്രസ് - സിപിഎം വാക്പോര്. ടൗൺഷിപ്പ് ജനങ്ങളുടേതാണെന്ന് ടി.സിദ്ധിഖ് എംഎൽഎ വ്യക്തമാക്കിയപ്പോൾ തറക്കില്ലിടൽ തീയതി മാറ്റി കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് തിരിച്ചടിച്ചു.
കൽപ്പറ്റ ബൈപ്പാസിൽ ഉയരുന്ന ടൗൺഷിപ്പ് താൻ ആദ്യമായല്ല സന്ദർശിക്കുന്നത്. സന്ദർശനം തടയാൻ സിപിഎം ജില്ലാ സെക്രട്ടറിക്കോ എൽഡിഎഫ് ജില്ലാ കൺവീനർക്കോ കഴിയില്ല. ടൗൺഷിപ്പ് സിപിഎമ്മിന്‍റേതല്ല, കോൺഗ്രസിന്‍റേതുമല്ല അത് ജനങ്ങളുടേതാണെന്നും ടി.സിദ്ധിഖ് എംഎൽഎ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താൻ പണം നൽകിയില്ലെന്ന കള്ളം പൊളിഞ്ഞെന്നും എംഎൽഎ. എന്നാൽ ദുരന്ത ബാധിതർക്കായി കോൺഗ്രസ് പിരിച്ച പണം എവിടെ എന്ന് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് തിരിച്ചടിച്ചു.
ദുരന്തബാധിതർക്കായി വയനാട് എം.പി പ്രിയങ്ക ഗാന്ധി പണം നൽകിയോ എന്നതിൽ ഉത്തരമില്ല. തറക്കല്ലിടൽ ഇന്ന് നാളെ എന്ന് പറഞ്ഞ് കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നും റഫീഖിന്‍റെ പരിഹാസം. പുനരധിവാസത്തിനുള്ള സ്ഥലം റജിസ്ട്രേഷന് കോൺഗ്രസ് അവസാനവട്ട നീക്കങ്ങൾ നടക്കുന്നതിനിടെ ആണ് വാക്പോര് മുറുകുന്നത്. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയചിത്രമായി ടൗൺഷിപ്പ് മാറുമെന്ന് വ്യക്തം.