ചൂരല്‍മല– മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കുള്ള മുസ്‍ലിം ലീഗിന്‍റെ ഭവനപദ്ധതിയില്‍ 40 വീടുകളുടെ മെയിന്‍ വാര്‍പ്പ് പൂര്‍ത്തിയായി. ആദ്യ ഘട്ടമായി ടൗണ്‍ഷിപ്പിലെ 50 വീടുകള്‍ ഫെബ്രുവരി 28ന് കൈമാറുമെന്ന് ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.

തോട്ടം ഭൂമി തരംമാറ്റിയെന്ന വിവാദങ്ങള്‍ എല്ലാം താണ്ടിയാണ് മുസ്‌ലിം ലീഗിന്‍റെ ഭവന പദ്ധതിയുടെ ആദ്യഘട്ടം അതിന്‍റെ അവസാന ലാപ്പിലേക്ക് കടക്കുന്നത്. മേപ്പാടി– മുട്ടില്‍ റോഡില്‍ തൃക്കൈപ്പറ്റയിലാണ് വീടുകളുടെ നിര്‍മാണം. 40 വീടുകളുടെ മെയിന്‍വാര്‍പ്പ് പൂര്‍ത്തിയായി. എട്ടുസെന്‍റിലായി 1,060 സ്ക്വയര്‍ ഫീറ്റില്‍ മൂന്ന് കിടപ്പുമുറികള്‍ ഉള്‍പ്പെടുന്ന വീടുകളാണ് തയാറാകുന്നത്.

12.5 ഏക്കറുള്ള മൂന്ന് പ്ലോട്ടുകളിലായി 105 വീടുകള്‍ ആകെ നിര്‍മിക്കും. ഈ ടൗണ്‍ഷിപ്പില്‍ കമ്യൂണിറ്റി ഹാള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. ഭാവിയില്‍ ഒരുനില കൂടി മുകളിലേക്ക് എടുക്കാന്‍ കഴിയുന്ന തരത്തിലാണ് വീടുകളുടെ നിര്‍മാണം. നിലമൊരുക്കുന്നത് പൂര്‍ത്തിയായ രണ്ടാമത്തെ പ്ലോട്ടിലും വൈകാതെ നിര്‍മാണം ആരംഭിക്കും. പ്രിയങ്ക ഗാന്ധി ഉള്‍പ്പെയുള്ളവരെ പങ്കെടുപ്പിച്ചുള്ള ഉദ്ഘാടന പരിപാടിയാണ് മുസ്‌ലിം ലീഗ് ആലോചിക്കുന്നത്.

ENGLISH SUMMARY:

Muslim League housing project provides relief to disaster victims. The first phase of 50 houses in the township will be handed over on February 28th, with the main construction of 40 houses completed.