എസ്എന്‍ഡിപിയും എന്‍എസ്‌എസ് ഒരുമിച്ചാല്‍ സൂനാമി വരുമോ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഐക്യം ജനം ആഗ്രഹിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനം ഉന്നയിച്ച അദ്ദേഹം നായര്‍, ഈഴവ ഐക്യം അനിവാര്യം ആണെന്നും ഉണ്ടായിരുന്ന ഐക്യം തെറ്റിച്ചത് ലീഗാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംവരണത്തിനായി ലീഗ് എസ്എന്‍ഡിപിയെ മുന്നില്‍ നിര്‍ത്തി. എല്ലാം നേടിത്തരാമെന്ന് പറഞ്ഞെങ്കിലും ഒരു ചുക്കും നടന്നില്ല. തന്നെ ഇപ്പോള്‍ വര്‍ഗീയവാദിയാക്കാനുളള ശ്രമമാണ് നടക്കുന്നത്. എതിര്‍ക്കുന്നത് മുസ്‌ലിം സമുദായത്തെയല്ലെന്നും ലീഗിനോടാണ് തന്റെ എതിര്‍പ്പെന്നും വെളളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിനിടെ ക്രിസ്ത്യാനികള്‍ മുസ്‌ലിംകളെ ഭയന്നാണ് കഴിയുന്നത് എന്ന വിദ്വേഷ പരാമര്‍ശവും വെള്ളാപ്പള്ളി നടേശനില്‍ നിന്നുണ്ടായി.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ വിമര്‍ശനവും വെളളാപ്പളളി നടേശന്‍ കടുപ്പിച്ചു. ഇന്നലെ പൂത്ത തകരയാണ് വി.ഡി.സതീശന്‍. എന്നെ നിരന്തരം വേട്ടയാടുന്നെന്നും ഈ മനുഷ്യന്‍റെ ഉപ്പാപ്പന്‍ വിചാരിച്ചാലും വെളളാപ്പളളി തകരില്ല. ഞാന്‍ വര്‍ഗീയവാദിയെന്ന് പറഞ്ഞുനടക്കുകയാണെന്നും കെ.സിയോ ചെന്നിത്തലയോ ആന്‍റണിയോ ഇത് പറയില്ലെന്നും തന്നെ തകര്‍ക്കാന്‍ ശ്രമിച്ചവരെല്ലാം തകര്‍ന്നു വെളളാപ്പളളി പറഞ്ഞു.

എന്നാല്‍ വെള്ളാപ്പള്ളിയെ അധിക്ഷേപിച്ചിട്ടില്ലെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു. ഗുരുദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞു. വര്‍ഗീയത പറഞ്ഞയാളെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. അത് തെറ്റാണെന്ന് പറഞ്ഞു, അത് നിലപാടാണ്. വെള്ളാപ്പള്ളി ആരുടെയും ഉപകരണമായി മാറരുത്. എസ്എന്‍ഡിപി– എന്‍എസ്്എസ് ഐക്യം ലീഗിന് എങ്ങനെ തകര്‍ക്കാന്‍ കഴിയുമെന്നും സതീശന്‍ ചോദിച്ചു.

അതേസമയം, മുസ്‌ലിം ലീഗിനെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ ജൽപനങ്ങൾ മറുപടി അർഹിക്കുന്നില്ല. പറയുന്നയാളും പറയിക്കുന്നയാളും ഉദ്ദേശിക്കുന്നത് ജനത്തിനറിയാം. സമുദായ സംഘടനകളുടെ യോജിപ്പിലും പിളർപ്പിലും ഇടപെടാറില്ല. വെള്ളാപ്പള്ളിയുടെ അഭിപ്രായം ആര് പറഞ്ഞാലും സമൂഹത്തിനു ദൂഷ്യമെന്നും വെള്ളാപ്പള്ളിക്ക് പിന്നില്‍ സിപിഎമ്മെന്നും സലാം പ്രതികരിച്ചു.

എസ്എന്‍ഡിപി– എന്‍എസ്‌എസ് സമുദായ ഐക്യ നീക്കത്തെ യുഡിഎഫ് ഭയപ്പെടുന്നില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. നേതാക്കള്‍ പറഞ്ഞാല്‍ സമുദായംഗങ്ങള്‍ വോട്ട് ചെയ്യില്ല. വിമര്‍ശിക്കുന്നത് വ്യക്തിയെ മാത്രമാണ്, സമുദായത്തെ അല്ല. വെള്ളാപ്പള്ളിയെ ബിനോയ് വിശ്വം വിമര്‍ശിച്ചതിനാല്‍ കുഴപ്പമില്ല. സതീശനായിരുന്നെങ്കില്‍ വലിയ പ്രശ്നമായേനെയെന്നും മുരളീധരന്‍ പറഞ്ഞു.

ENGLISH SUMMARY:

SNDP Yogam General Secretary Vellappally Natesan has called for a historic unity between the Ezhava and Nair communities, stating that an NSS-SNDP alliance would create a political "tsunami" in Kerala. During a press conference, Vellappally accused the Muslim League of breaking the previous unity between these major Hindu organizations for their own communal gains. He claimed that the League had used the SNDP as a front to secure reservations but failed to deliver on its promises. Vellappally also launched a scathing attack on Opposition Leader VD Satheesan, calling him a "transient figure" and asserting that even Satheesan's ancestors could not destroy him. He further stoked controversy with a divisive remark, claiming that Christians in Kerala are living in fear of Muslims. In response, VD Satheesan clarified that he had never insulted Vellappally personally but merely criticized his communal rhetoric as being contrary to Sree Narayana Guru's teachings. Satheesan questioned how the Muslim League could possibly prevent two independent organizations like the NSS and SNDP from uniting if they truly wished to. This escalating war of words highlights the deep-seated communal polarizations ahead of the upcoming political season in Kerala.