പാലക്കാട്ടെ പട്ടാമ്പി, കോങ്ങാട് സീറ്റുകൾ വെച്ചുമാറാൻ UDFൽ ധാരണ. പട്ടാമ്പിയിൽ മുസ്ലിം ലീഗും കോങ്ങാട് കോൺഗ്രസും മത്സരിക്കും. അതിനിടെ സീറ്റ് ലീഗിന് നൽകുന്നതിൽ ഒരു വിഭാഗം നേതാക്കൾ DCC യോഗത്തിൽ എതിർപ്പറിയിച്ചു.
കാലങ്ങളായി കോൺഗ്രസ് മത്സരിക്കുന്ന പട്ടാമ്പി സീറ്റ് കഴിഞ്ഞ രണ്ടുതവണയും നേടിയത് LDF. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേക്കാൾ നേട്ടമുണ്ടാക്കിയത് ലീഗ്. ഈ നേട്ടം മുൻനിർത്തിയാണ് സീറ്റിൽ ലീഗ് ആവശ്യമുന്നയിച്ചത്. പകരം കോങ്ങാട് സീറ്റ് നൽകാമെന്നും. ചർച്ചക്കൊടുവിൽ വെച്ചുമാറാമെന്ന് ഒരുവിധം ധാരണയായി. എന്നാൽ ഡിസിസി യോഗത്തിൽ ചില നേതാക്കൾ എതിർപ്പും അറിയിച്ചു. ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ പട്ടാമ്പിയിൽ വിജയിക്കാമെന്നും തീരുമാനം പുന:പരിശോധിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. ജില്ലയിലെ ഒരു നേതാവിന്‍റെ വ്യക്തി താല്പര്യത്തിന് വേണ്ടിയാണ് സീറ്റ് വെച്ചുമാറ്റമെന്ന വിമർശനവും ഉണ്ടായി. വിഷയം നാളെ ചേരുന്ന UDF യോഗം ചർച്ച ചെയ്യും.
യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറർ എം.എ സമദ്, ലീഗ് ജില്ലാ പ്രസിഡൻ്റ് മരക്കാർ മാരായമംഗലം, സംസ്ഥാന സമിതി അംഗം അബ്ദുൽ റഷീദ് എന്നിവരുടെ പേരുകളാണ് പട്ടാമ്പിയിൽ ലീഗ് സ്ഥാനാർഥി പരിഗണനയിലുള്ളത്. കോങ്ങാട് മണ്ഡലത്തിൽ KPCC ജനറൽ സെക്രട്ടറി തുളസി ടീച്ചർ,രമ്യ ഹരിദാസ്, പാലക്കാട് നഗരസഭ കൗൺസിലർ വിപിൻ എന്നിവരും ആലോചനയിലുണ്ട്.