ചൂരൽമല - മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള പ്രതിമാസ ധനസഹായം വൈകുന്നതിൽ ആശങ്കയെന്ന് കുടുംബങ്ങൾ. ദിനബത്ത മുടങ്ങില്ലെന്ന റവന്യൂ മന്ത്രിയുടെ ഉറപ്പ് വേഗത്തിൽ പാലിക്കണമെന്ന് വാടക വീടുകളിൽ കഴിയുന്ന അതിജീവിതർ പറയുന്നു.
മേപ്പാടി പഞ്ചായത്തിന് അകത്തും പുറത്തുമായി വയനാട് ജില്ലയുടെ വിവിധ ഇടങ്ങളിൽ അതിജീവിതർ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷമായി. 300 രൂപ ദിനബത്തയാണ് ഇവരുടെ ആകെയുള്ള ആശ്രയം. പ്രതിമാസമുള്ള ഈ ഒൻപതിനായിരം രൂപ ഈ മാസം കിട്ടിയിട്ടില്ല. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മറ്റൊരു ആശ്രയവും ഇല്ലെന്ന് ഇവർ പറയുന്നു.
നേരത്തെ മാസവാടക മുടങ്ങിയപ്പോൾ ദുരന്തബാധിതർ സമരത്തിലേക്ക് നീങ്ങിയിരുന്നു. ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങുന്നതിലെ കാലതാമസമാണ് ദിനബത്തയുടെ കാര്യത്തിൽ ഉണ്ടായത് എന്നാണ് റവന്യൂമന്ത്രിയുടെ വിശദീകരണം. എന്നാൽ ദുരന്ത ബാധിതരുടെ കാര്യത്തിൽ ഈ മെല്ലപ്പോക്ക് ഉണ്ടായാൽ സ്ഥിതി വഷളാവുമെന്ന് ഇവർ പറയുന്നു. മാർച്ച് മാസത്തോടെ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് കൽപ്പറ്റയിലെ ടൗൺഷിപ്പിലേക്ക് മാറാൻ കഴിയുമെന്നാണ് പ്രതീക്ഷ.