പ്രശസ്‍ത മാപ്പിളപ്പാട്ട് ഗായകനും പരിശീലകനും ആകാശവാണി ആർട്ടിസ്‍റ്റുമായ കെ.എം.കെ. വെള്ളയിൽ (കാരക്കുന്നുമ്മൽ മൊയ്തീൻകോയ -78) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികില്‍സയിലായിരുന്നു. കോഴിക്കോട് കൊടുവള്ളി കാരക്കുന്നുമ്മൽ ഹസന്റെയും ഇല്ലത്തുവളപ്പിൽ കദിയക്കുട്ടിയുടെയും മകനാണ്.
മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി രംഗത്ത് 60 വർഷത്തോളം സജീവസാന്നിധ്യമായിരുന്നു. കോഴിക്കോട് ആകാശവാണിയിൽ 43 വർഷവും ചെന്നൈ കൊളമ്പിയ ഗ്രാമഫോൺ കലാകാരനായി 42 വർഷവും പ്രവർത്തിച്ചു. ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്‍ഥാന ജനറൽ സെക്രട്ടറി, മാപ്പിള സംഗീത കലാപഠന കേന്ദ്രത്തിന്റെ പ്രിൻസിപ്പൽ, കേരള കലാകാര ക്ഷേമ സമിതി സംസ്‍ഥാന വൈസ് പ്രസിഡന്റ്, കേരള സംഗീത ക്ഷേമ അസോസിയേഷൻ ഉപദേശക സമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചു.
കേരള ഫോക് ലോർ അക്കാദമി അവാർഡ്, യുഎഇ മാപ്പിള കലാരത്‍നം അവാർഡ് അടക്കം ഒട്ടേറെ പുരസ്‍കാരങ്ങൾ നേടി. ഭാര്യമാർ: സുലൈഖ, പരേതരായ ആമിന, ആയിഷ. മക്കൾ: റഹിയാന, റുക്സാന, റിഷാന, റഹീസ്, ആയിഷ, റാഷിദ്. മരുമക്കൾ: ബഷീർ, സലീം, മനാഫ്. കോഴിക്കോട്ട് കബറടക്കം നടത്തി.