എട്ടു വര്‍ഷത്തോളം കോമയിലായ ശ്രീലങ്കന്‍ അണ്ടര്‍ 19 താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു. 2018 ഡിസംബര്‍ 18നുണ്ടായ അപകടത്തിന് പിന്നാലെയാണ് അക്ഷുവിന്‍റെ ജീവിതം കോമയിലായത്. പരിശീലനം കഴിഞ്ഞു വരുന്നതിനിടെ ട്രാക്ക് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
മൗണ്ട് ലാവീനിയ ബീച്ചിന് സമീപം ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അക്ഷുവിന് ഒന്നിലധികം ഒടിവുകളുണ്ടായി. ഇതോടെ ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെയായിരുന്നു അക്ഷുവിന്‍റെ ജീവിതം.
വളര്‍ന്നു വരുന്ന മികച്ച താരങ്ങളിലൊരാളായാണ് വലം കയ്യന്‍ ബാറ്റ്സ്മാനായ അക്ഷുവിനെ പരിഗണിച്ചിരുന്നത്. 2010 ല്‍ ഐസിസി അണ്ടര്‍ 18 ലോകകപ്പില്‍ കളിച്ച താരമാണ് അക്ഷു. ഓസട്രേലിയയ്ക്ക് എതിരെ നടന്ന സെമി ഫൈനലില്‍ 52 റണ്‍സാണ് താരം നേടിയത്. കൊളമ്പോയിലെ സെന്‍റ് പീറ്റേഴ്സ് കോളജ് താരമായിരുന്നു അക്ഷു. അണ്ടര്‍ 13, അണ്ടര്‍ 15. അണ്ടര്‍ 17 ടീമിന്‍റെ നായകനും അണ്ടര്‍ 19 ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായിരുന്നു.
കോൾട്ട്സ് സ്പോർട്സ് ക്ലബ്, പാണദുര സ്പോർട്സ് ക്ലബ്, ചിലാവ് മരിയൻസ്, രാഗമ സ്പോർട്സ് ക്ലബ് എന്നിവയുൾപ്പെടെ വിവിധ ക്ലബിനായും കളിച്ച താരമാണ്. 2018 ഡിസംബർ 14 ന് മൂർസ് സ്പോർട്സ് ക്ലബ്ബിനെതിരെ പുറത്താകാതെ 102 റൺസ് നേടിയ മത്സരമാണ് അപകടത്തിന് മുന്‍പ് അവസാനമായി കളിച്ചത്.