പരസ്യരംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ മുംബൈയില്‍  അന്തരിച്ചു. 70 വയസ്സായിരുന്നു. ഇന്ത്യന്‍ ഉപഭോക്താവിന്‍റെ മനസ്സറിഞ്ഞ ക്രിയാത്മകതയായിരുന്നു പിയൂഷിന്‍റെ കരുത്ത്. വിപണി പിടിച്ചെടുത്ത പല വമ്പന്‍ ബ്രാന്‍ഡുകളുടെയും വിജയ രഹസ്യമായിരുന്നു പിയൂഷിന്‍റെ പരസ്യം.

പൊട്ടാത്ത മുട്ടയിട്ട കോഴിയെ ഓര്‍മയില്ലേ. ഹൈടെക് ചൂണ്ടയിടലിനെ തോല്‍പ്പിച്ച ഈ നാട്ടുമനുഷ്യനെ?  ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഓടിയിറങ്ങി ചുവടുവച്ച പെണ്‍കുട്ടി.  സൂപ്പര്‍ താരങ്ങളുടെ സിനിമാ വേഷങ്ങളെക്കാള്‍ നമ്മളോര്‍ക്കുന്ന ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ച ജീനിയസാണ് പിയൂഷ് പാണ്ഡെ. വിപണിയില്‍ ഉപഭോക്താവിനും ഉല്‍പാദകനുമിടയില്‍ ക്രിയേറ്റിവിറ്റിയുടെ വില എന്തെന്നറിയിച്ച കപടമീശക്കാരന്‍. 

ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ഏജൻസി ഒ ആൻഡ് എമ്മില്‍ നാല് പതിറ്റാണ്ടോളം. കമ്പനിയുടെ ചെയർമാനും ക്രിയേറ്റിവ് ഡയറക്ടറുമായിരുന്നു പീയൂഷ്.  ജയ്പൂർ സ്വദേശി.  ആത്മകഥക്ക് ആകെ കുഴപ്പമെന്ന അര്‍ഥവും കല്‍പ്പിക്കാവുന്ന 'പാന്‍ഡമോണി'യമെന്ന് പേരിട്ട കുസൃതിക്കാരന്‍.  കുട്ടിക്കാലത്തെ കാഴ്ചകളും നാട്ടുയുക്തികളും നര്‍മബോധവും പിയൂഷിന്‍റെ പരസ്യങ്ങളില്‍ നിറഞ്ഞു.  ഒരുകാലത്ത് രാജ്യത്തെ ഒരുമനസ്സാക്കിയ ഈ പാട്ട് പിറന്നത് പിയൂഷിന്‍റെ പേനയില്‍ നിന്ന്.

2014ല്‍ നരേന്ദ്ര മോദിക്കായി തയാറാക്കിയ പിയൂഷിന്‍റെ പരസ്യം പോലെ അബ് കി ബാര്‍ മോദി സര്‍ക്കാര്‍ നിലവില്‍ വന്നു. 

ഇന്ത്യന്‍ മനസ്സിലേക്ക് പിയൂഷ് അഴിച്ചുവിട്ട പരസ്യമന്ത്രങ്ങള്‍ ദൃശ്യമാധ്യമത്തിലെ പാഠപുസ്തകങ്ങളാണ്. പത്മശ്രീ നല്‍കി രാജ്യം ആദരിച്ച അതികായന്‍. നിമിഷ നേരം കൊണ്ട് ഇന്ത്യക്കാരന്‍റെ കണ്ണും മനസ്സും മയക്കിയിരുന്ന ആ മാജിക്കിന് വിട.